തമാശയല്ല, ക്രൂരതയാണ് അത്; കാന്താരയെ വിമര്‍ശിക്കരുതെന്ന് ഇനി പറയരുത്; സോഷ്യല്‍ മീഡിയ പറയുന്നു
Entertainment
തമാശയല്ല, ക്രൂരതയാണ് അത്; കാന്താരയെ വിമര്‍ശിക്കരുതെന്ന് ഇനി പറയരുത്; സോഷ്യല്‍ മീഡിയ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th November 2022, 10:51 pm

റിഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ കാന്താര കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയിലെത്തിയത്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കൊഡുകള്‍ സൃഷ്ടിച്ച് മുന്നേറിയ ചിത്രമായിരുന്നു കാന്താര.

മണ്ണിന്റെയും കീഴാള മനുഷ്യരുടെയും കഥ പറഞ്ഞ ചിത്രത്തിലെ ദേവക്കോല എന്ന കലാരൂപത്തിന്റെ അവതരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കലാരൂപത്തിലൂടെയും അതിന്റെ അവതരണത്തിലൂടെയുമായിരുന്നു ചിത്രത്തിന്റെ കഥാപരിസരം നീങ്ങിയിരുന്നത്.

അതേസമയം, തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം തരംഗം സൃഷ്ടിച്ച കാന്താരക്ക് നേരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമയിലെ കണ്ടന്റുമായി ബന്ധപ്പെട്ട ഈ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ചിത്രത്തിലെ ബോഡി ഷേമിങ് തമാശകളാണ് പ്രേക്ഷകരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ തന്നെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ പല്ലുകളെ കന്നുകാലിയുടെ പല്ലുകളോട് ഉപമിച്ച് അപമാനിക്കുന്ന രംഗമുണ്ട്.

വളരെ തമാശരൂപത്തിലാണ് ഈ ഭാഗത്തെ സിനിമ സമീപിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന കഥാപരിസരത്തില്‍ ഒരുവിധത്തിലുള്ള പ്രാധാന്യവുമില്ലാത്ത ഈ രംഗം ‘തമാശക്ക് വേണ്ടി’ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്.

ഇത്തരത്തിലെ ബോഡി ഷേമിങ് ഇനിയും തമാശയായി തോന്നുന്നത് നിരാശജനകമാണെന്നാണ് സീനിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്. ഇങ്ങനെയുള്ള തമാശകള്‍ കണ്ട് ചിരിക്കുന്നവരല്ല ഇന്നത്തെ കാണികളെന്നും ഇവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

കാന്താരയിലെ വരാഹരൂപം പാട്ടുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കാന്താരയെ കുറിച്ചുള്ള ഏത് തരം വിമര്‍ശനം ഉന്നയിച്ചാലും അത് തൈക്കുടം ബ്രിഡ്ജ് ആരാധകരുടേതാണെന്ന മറുവാദം ഉയര്‍ന്നിരുന്നു. കന്നട ചിത്രത്തെ അംഗീകരിക്കാനുള്ള മടിയാണെന്നും പ്രതികരണമുണ്ടായിരുന്നു. എന്നാല്‍ ബോഡി ഷേമിങ്ങുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും ഇത്തരത്തില്‍ മറുപടി നല്‍കിയാല്‍ അത് ഒരിക്കലും അംഗീകരിച്ച് നല്‍കാനാകില്ലെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

Content Highlight: Criticism against Kantara for body shaming comedies