കഴിഞ്ഞ ദിവസം പനാമക്കെതിരായ സൗഹൃദമത്സരത്തിനായി ലോകചാമ്പ്യന്‍മാരായ മെസിയും സംഘവും ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ ഒത്തുകൂടിയിരുന്നു. ബ്യൂണസ് ഐറിസിലെ തങ്ങളുടെ ഹോം ഗ്രൗണ്ടായ എല്‍ മോണുമെന്റലില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീന പനാമയെ പരാജയപ്പെടുത്തിയത്.
ഡിസംബറില്‍ ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് അര്‍ജന്റൈന്‍ സംഘം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നത്. മത്സര ശേഷം ലോകകപ്പിന്റെ മാതൃകകളുയര്‍ത്തിയും പാട്ട് പാടിയും ചുവടുവെച്ചും മെസിയും സംഘവും വിജയം ആഘോഷിച്ചിരുന്നു.
എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ മെസിയും സംഘവും അതിരുവിട്ട് പെരുമാറിയെന്ന വിമര്‍ശനങ്ങളുയരുകയാണ്. ആരാധകര്‍ക്കൊപ്പം ആഘോഷിക്കുന്നതിനിടെ ‘അന്തരിച്ച ഫ്രാന്‍സിന് വേണ്ടി മൗനം ആചരിക്കാം’ എന്ന തരത്തില്‍ അര്‍ജന്റൈന്‍ ടീം ചാന്റ് ചെയ്തിരുന്നു.
അര്‍ജന്റൈന്‍ ടീം ഗ്രൗണ്ടില്‍ വെച്ച് മൈക്കിലും ആയിരക്കണക്കിന് വരുന്ന ആരാധകര്‍ സ്‌റ്റേഡിയത്തിലുമിരുന്ന് ഒരേ താളത്തില്‍ ഇത് പാടുകയായിരുന്നു. ഇതിന് പിന്നാലെ അര്‍ജന്റീനക്കും മെസിക്കും എതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
Lionel Messi & co singing last night: “A minute of silence for… France, they are dead.” pic.twitter.com/NvVtscmp1X
— Get French Football News (@GFFN) March 24, 2023
2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ റെയ്‌നിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തോല്‍പിച്ചുകൊണ്ടായിരുന്നു അര്‍ജന്റീന തങ്ങളുടെ മൂന്നാം കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും 3-3 എന്ന സ്‌കോറിന് സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടായിരുന്നു അര്‍ജന്റീനയെ ലോകത്തിന്‍രെ നെറുകയിലെത്തിച്ചത്.
അര്‍ജന്റീനക്കായി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഏയ്ഞ്ചല്‍ ഡി മരിയ ഒരു ഗോളും നേടി. ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെയായിരുന്നു ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്. പിന്നാലെ ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീന വിജയിച്ചത്.
ഫ്രാന്‍സിനെ തോല്‍പിച്ചാണ് കപ്പുയര്‍ത്തിയതെങ്കിലും ഇത്തരത്തില്‍ ചാന്റ് ചെയ്യാന്‍ പാടില്ലെന്നാണ് ചില കോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനം.
അതേസമയം, പനാമക്കെതിരായ മത്സരത്തിലും മെസി സ്‌കോര്‍ ചെയ്തിരുന്നു. തന്റെ കരിയറിലെ 800ാം ഗോളാണ് മെസി അര്‍ജന്റീനക്കായി നേടിയത്. ഹാഫ് ടൈം വരെ ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്ന മത്സരത്തിന്റെ 78ാം മിനിട്ടില്‍ തിയാഗോ അല്‍മാഡയാണ് അര്‍ജന്റീനയെ മുമ്പിലെത്തിച്ചത്.
മത്സരത്തിന്റെ 89ാം മിനിട്ടിലായിരുന്നു ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ നിന്നും മെസി തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയിലെത്തിയപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം ആര്‍ത്തിരമ്പിയിരുന്നു.
Messi scores his 800th goal with this wonderful free kick.🔟🇦🇷🐐⚽️#Messi #Argentina #Argentinavspanama pic.twitter.com/prx9jYNG5a
— Tushar (@_Tushar9) March 24, 2023
മാര്‍ച്ച് 28ന് കുറക്കാവോക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദമത്സരം. സാന്റിയാഗോ ആണ് വേദി.
Content highlight: Criticism against Argentina and Lionel Messi