ക്രൈം സ്റ്റോറികൾ ആകാംഷയോടെ പിന്തുടരുന്ന ആളാണ്, പക്ഷെ ആ കേസ് എന്നെ ശരിക്കും പേടിപ്പിച്ചു: ക്രിസ്റ്റോ ടോമി
Entertainment
ക്രൈം സ്റ്റോറികൾ ആകാംഷയോടെ പിന്തുടരുന്ന ആളാണ്, പക്ഷെ ആ കേസ് എന്നെ ശരിക്കും പേടിപ്പിച്ചു: ക്രിസ്റ്റോ ടോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd June 2024, 1:04 pm

കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു കൂടത്തായി കേസ്. ഒരു കുടുംബത്തിലെ ആറുപേരെ പതിനാല് വര്‍ഷത്തിനിടയിലായി ജോളി ജോസഫ് എന്ന സ്ത്രീ കൊന്ന സംഭവമായിരുന്നു ഈ കേസ്.

ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമിയാണ്. എന്തുകൊണ്ടാണ് താൻ കറി ആൻഡ്‌ സയനെഡ് ഒരുക്കിയതെന്ന് പറയുകയാണ് ക്രിസ്റ്റോ.

ക്രൈം സ്റ്റോറികൾ ആകാംഷയോടെ പിന്തുടരുന്ന ഒരാളാണ് താനെന്നും എന്നാൽ കൂടത്തായി കേസ് തന്നെ പേടിപ്പിച്ച ഒന്നായിരുന്നുവെന്നും ക്രിസ്റ്റോ പറയുന്നു. നോൺ ഫിക്ഷൻ ചെയ്യാൻ ആദ്യം താത്പര്യം ഇല്ലായിരുന്നുവെന്നും ക്രിസ്റ്റോ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു സംവിധായകൻ.

ക്രൈം ‌സ്റ്റോറികൾ ആകാംഷയോടെ പിന്തുടരുന്ന ഒരാളാണ് ഞാൻ. പക്ഷേ, ജോളി കേസ് അങ്ങനെയായിരുന്നില്ല. പേടിപ്പിക്കുന്ന ഒന്നായിരുന്നു. സിനിമ ചെയ്യാൻ തയ്യാറെടുക്കുന്നതിനിടയിൽ നോൺ ഫിക്ഷൻ ചെയ്യാൻ ആദ്യം താത്പ ര്യമുണ്ടായിരുന്നില്ല. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി എന്ന നിലയിൽ തുടങ്ങി, എഴുതി തുടങ്ങിയപ്പോൾ പ്രത്യേകതയുണ്ടന്ന് തോന്നി. അങ്ങനെയാണ് അത് ചെയ്തത്,’ക്രിസ്റ്റോ പറയുന്നു.

 

അതേസമയം മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 21നാണ് തിയേറ്ററുകളില്‍ എത്തിയത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച സിനിമയാണ് ഉള്ളൊഴുക്ക്.