ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്തിനെ ഹൃദ്യമായ രീതിയില്‍ സ്വാഗതം ചെയ്ത് സഞ്ജു സാംസണ്‍. ഇത്തവണ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു കിരീടമെങ്കിലും നേടണമെന്നും അതായിരിക്കും മടങ്ങിയെത്തുന്ന ശ്രീശാന്തിന് നല്‍കാവുന്ന ഏറ്റവും വലിയ ഉപഹാരമെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെയായ ട്വന്റി 20 മത്സരത്തിന് ശേഷം നാട്ടിലെത്തിയ സഞ്ജു മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഇത്തവണ ആഭ്യന്തര സീസണില്‍ ഒരു കിരീടമെങ്കിലും നേടണമെന്നാണു എന്റെ ലക്ഷ്യം. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്ത് ചേട്ടന് ഞങ്ങള്‍ക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച ഉപഹാരം അതായിരിക്കും.’ സഞ്ജു സാംസണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ മികച്ച സ്‌കോര്‍ കണ്ടെത്താകാത്തതിനെ തുടര്‍ന്ന് ഉണ്ടായ വിമര്‍ശങ്ങള്‍ക്കും സഞ്ജു മറുപടി നല്‍കി. ‘പുറത്താകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ കളിക്കാനായിരുന്നു നിര്‍ദേശം. വിക്കറ്റ് സൂക്ഷിച്ചു കളിച്ചിരുന്നെങ്കില്‍ മികച്ച സ്‌കോര്‍ നേടാമായിരുന്നു. പക്ഷെ ടീം ആവശ്യപ്പെട്ടത് അതല്ല. എന്റെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ടീം മാനേജ്‌മെന്റും സംതൃപ്തരാണെന്നാണ് കരുതുന്നത്.’ സഞ്ജു പറഞ്ഞു.
സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടികയില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2013ലെ ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏഴു വര്‍ഷത്തെ വിലക്കിലായിരുന്നു ശ്രീശാന്ത്. സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ട്വന്റി 20 ലീഗിലൂടെ ഈ മാസം ശ്രീശാന്ത് തിരിച്ചെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദേശീയ ടീം അംഗമായ സഞ്ജു സാംസണ്‍, കഴിഞ്ഞ സീസണില്‍ കേരളത്തിനു വേണ്ടി കളിച്ച റോബിന്‍ ഉത്തപ്പ, ജലജ് സക്സേന തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. 26 അംഗങ്ങളാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്.
മുന്‍ ഇന്ത്യന്‍ താരമായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. ജനുവരി 10 മുതല്‍ 31 വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുകയെന്നാണ് പുറത്തു വരുന്ന വിവരം.
37കാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2007ല്‍ ട്വന്റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമുകളില്‍ ശ്രീശാന്ത് അംഗമായിരുന്നു. ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക