Sports News
ഓവര്‍സീസ് മത്സരങ്ങള്‍ കളിക്കാന്‍ പേടിയാണ് എന്ന് സമ്മതിച്ചാല്‍ പോരെ രോഹിത്തേ; രോഹിത് ശര്‍മയുടെ പരിക്കിനെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Dec 14, 04:31 am
Tuesday, 14th December 2021, 10:01 am

ഇന്ത്യന്‍ റെഡ്‌ബോള്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്കിനെ കളിയാക്കി ക്രിക്കറ്റ് ആരാധകര്‍. ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന പരമ്പരയുടെ പ്രാക്ടീസ് സെഷനില്‍ വെച്ചാണ് താരത്തിന് പരിക്കേറ്റത്.

നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യവെയാണ് രോഹിത്തിന് പരിക്കേറ്റത്. സൈഡ് ആം ഉപയോഗിച്ചുള്ള പ്രാക്ടീസിനിടെയാണ് താരത്തിന്റെ കൈവിരലിന് പരിക്കേറ്റിരിക്കുന്നത്. ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റ് രാഘവേന്ദ്രയുടെ പന്ത് രോഹിത്തിന്റെ കയ്യില്‍ കൊള്ളുകയും വേദനകൊണ്ട് പുളഞ്ഞ രോഹിത് താഴെ വീഴുകയുമായിരുന്നു.

മൂന്നാഴ്ചയോളം രോഹിത്തിന് വിശ്രമം വേണ്ടിവരുമെന്നും ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പരമ്പര നഷ്ടപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന് പകരം സൗരാഷ്ട്ര ബാറ്റര്‍ പ്രിയങ്ക് പാഞ്ചലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായും സൂചനയുണ്ട്.

എന്നല്‍, രോഹിത്തിനേറ്റ പരിക്കിനെ കളിയാക്കിക്കൊണ്ടാണ് ആരാധകര്‍ സോഷ്യല്‍മീഡിയയിലെത്തുന്നത്.

 

രോഹിത്തിന് ഓവര്‍സീസ് മത്സങ്ങള്‍ കളിക്കാന്‍ പേടിയാണെന്നും അതുകൊണ്ട് പരമ്പരയില്‍ നിന്നും ഒഴിവാവാനുള്ള അടവാണെന്നുമാണ് ഒരു ആരാധകന്റെ കമന്റ്.

രോഹിത് പ്രധാനപ്പെട്ട എല്ലാ ഓവര്‍സീസ് മത്സരങ്ങളില്‍ നിന്നും തന്ത്രപൂര്‍വം മാറിനില്‍ക്കുകയാണെന്ന് ഡാറ്റ ഉപയോഗിച്ച് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല.

രോഹിത്തിന് പരിക്കേറ്റതോടെ ആരൊക്കെയാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് എന്ന കാര്യത്തിലും ആശങ്കയുണ്ട്. മായങ്ക് അഗര്‍വാളും കെ.എല്‍. രാഹുലും ചേര്‍ന്നാവും ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് കെട്ടിപ്പടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി-20 മത്സരങ്ങളുമാണുള്ളത്. ഡിസംബര്‍ 9 മുതലായിരുന്നു ആദ്യം പരമ്പര തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നീട്ടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Cricket fans trolls Rohit Sharma’s Injury