കണ്ണൂര്‍: പള്ളിയില്‍വെച്ച് മുസ്ലിം ലീഗ് സി.എച്ച്.സെന്ററിന്റെ ഫണ്ടുശേഖരണം നടത്തിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന പള്ളിയിലും തളിപ്പറമ്പിനടുത്ത പൂവ്വം പള്ളിയിലും മുസ്ലിം ലീഗുകാര്‍ നിയമവിരുദ്ധമായി ഫണ്ട് പിരിച്ചത് സംബന്ധിച്ച് കേസെടുക്കണമെന്നാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പള്ളിയില്‍ പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട് പെടേനയില്‍ സി.പി.ഐ.എം.- മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിക്കേറ്റ സി.പി.ഐ.എം. പ്രവര്‍ത്തകരായ മോണങ്ങാട് സിദ്ദിഖ് (45), മീത്തലെ പുരയില്‍ അബ്ദുറ്ഹ്മാന്‍ (42) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലും മുസ്ലിം ലീഗ് പ്രവര്‍ത്തകരായ കെ.പി.അഷറഫ് (40), വി.വി.ഹുസൈന്‍ (40), കെ.ഇബ്രാഹിം (59) എന്നിവരെ പയ്യന്നൂര്‍ സബ ആശുപത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചത്.
മുസ്ലിം ലീഗിന്റെ സി.എച്ച്.സെന്ററിന്റെ ഫണ്ടുശേഖരണം പള്ളിയില്‍ നടത്തരുതെന്ന് പറഞ്ഞ തങ്ങളുടെ പ്രവര്‍ത്തകരെ പ്രകോപനമില്ലാതെ ലീഗുകാര്‍ ആക്രമിക്കുകയായിരുന്നെന്നാണ് സി.പി.ഐ.എം. ആരോപിച്ചത്. എന്നാല്‍ ഉദ്ബോധനപ്രസംഗം നടത്തുന്ന ജുമാമസ്ജിദ് ഖത്തീബിനെ കൈയേറ്റം ചെയ്യാനെത്തിയ സി.പി.ഐ.എം. പ്രവര്‍ത്തകരെ പള്ളിയില്‍ തടയുക മാത്രമായിരുന്നെന്ന് ലീഗുകാരും പറയുന്നു.
അതേസമയം മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമം അനുസരിച്ച് ആരാധനാലയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫണ്ട് പിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നാണ് ജില്ലാ സെക്രട്ടറി ജയരാജന്‍ പറയുന്നത്. “മുസ്ലിം ലീഗുകാര്‍ പള്ളികളില്‍ ഫണ്ട് പിരിക്കുന്നതിലൂടെ ഗുരുതരമായ നിയമലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നിയമലംഘനത്തെ ചോദ്യം ചെയ്ത വിശ്വാസികളെ ആക്രമിക്കുകയാണ് ലീഗ് ഗുണ്ടാസംഘം ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കണം”. ജയരാജന്‍ പറഞ്ഞു.
പൂവ്വം പള്ളിയില്‍ ഫണ്ട് പിരിക്കുന്നത് തടയണമെന്ന് പള്ളി അധികാരിക്ക് വിശ്വാസികള്‍ മുന്‍കൂട്ടി എഴുതി നല്‍കിയതായാണ് മനസിലാക്കുന്നത്. പക്ഷെ ഈ ഫണ്ട് പിരിവിന് അനുവാദം നല്‍കുകയായിരുന്നു. അതുകൊണ്ട് തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന പള്ളി അധികാരിക്കെതിരെയും കേസെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ ഇതില്‍ സി.പി.ഐ.എമ്മിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും ഇതൊരു വിവാദമായിക്കൊണ്ടുവരാനുള്ള സി.പി.ഐ.എമ്മിന്റെ തന്ത്രമാണെന്നും എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സി.പി.ഐ.എമ്മിന്റെ ചാരിറ്റി ഫണ്ട് ശേഖരണം കൂടി പള്ളിയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഈ ചര്‍ച്ചയ്ക്ക് പിന്നിലെന്നും ഷജീര്‍ പറഞ്ഞു. ഇത് ചര്‍ച്ചയായാല്‍ നാളെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് സി.പി.ഐ.എമ്മിന്റേത്.
ലീഗിന്റെ ഫണ്ടു ശേഖരണവുമായി മുന്നോട്ടുപോകുമെന്നും അതിന് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വര്‍ഷവും റമദാനില്‍ സി.എച്ച് സെന്ററിന്റെ ഫണ്ടു ശേഖരണം പള്ളിയില്‍ നടത്താറുണ്ട്. അതിന് ജമാഅത്ത് കമ്മിറ്റി ഏതെങ്കിലും തരത്തില്‍ എതിര്‍പ്പ് പറയുന്നെങ്കില്‍ അവിടെ പിരിവ് നടത്തില്ല. ഫണ്ട് കൊടുക്കുന്നവര്‍ക്ക് പ്രശനമില്ലെന്നും പ്രശനം സി.പി.ഐ.എമ്മിനാണെന്നും ഷജീര്‍ പറഞ്ഞു.
അതേസമയം മുസ്ലിം പണ്ഡിതന്‍മാര്‍ പളളികളില്‍ നിന്നുള്ള പിരിവുകള്‍ ഒഴിവാക്കണം എന്ന് പി.ജയരാജന്‍ പറഞ്ഞു എന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്നും അത് വ്യാജ പ്രചരണമാണെന്നും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ സനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“പണ്ഡിതന്‍മാര്‍ പളളികളില്‍ നിന്നുള്ള പിരിവുകള്‍ ഒഴിവാക്കണം, പി.ജയരാജന്‍. ആത്മീയ ചൂഷണങ്ങള്‍ക്ക് സഖാവിന്റെ താക്കീത് ലാല്‍സലാം” എന്നായിരുന്നു കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെയും കലീല്‍ ബുഖാരിയുടെയും ചിത്രം വെച്ച് കൊണ്ടായിരുന്നു പ്രചരണം. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരില്‍ നേരത്തെ ഉണ്ടായിരുന്ന പേജിനെ അതേ പോലെ പകര്‍ത്തി വ്യാജ പ്രചരണം നടത്തുകയാണെന്ന് “കൊണ്ടോട്ടി സഖാക്കള്‍” ഒറിജിനല്‍ പേജിന്റെ അഡ്മിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അത് ലീഗ് പ്രവര്‍ത്തകര്‍ തുടങ്ങിയ ഫേക് പേജാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം കെ.ടി ജലീലിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.