national news
ബി.ജെ.പിക്കെതിരെ പി.ആര്‍ ആരോപണം ഉന്നയിച്ച് സി.പി.ഐ.എം; 'ഔദ്യോഗികമാധ്യമ സ്ഥാപനമായ ദൂരദര്‍ശനെ സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 18, 11:24 am
Saturday, 18th April 2020, 4:54 pm

ന്യൂദല്‍ഹി: രാജ്യത്തെ പൊതുമാധ്യമ സ്ഥാപനമായ ദൂരദര്‍ശനെ തങ്ങളുടെ പി.ആര്‍ പ്രചാരണത്തിന് വേണ്ടി സ്വകാര്യ സ്വത്തായി ബി.ജെ.പി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് സി.പി.ഐ.എം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പുകഴ്ത്തുന്നതും വിവിധ പദ്ധതികളില്‍ നിന്ന് ഗുണം ലഭിച്ചെന്ന് പറയുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.പി.ഐ.എം വിമര്‍ശനം.

പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗികമാധ്യമ സ്ഥാപനമായ ദൂരദര്‍ശന്‍ പൊതുകാര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അത് മോദിയുടെയോ ബി.ജെ.പിയുടെയോ സ്വകാര്യ സ്വത്തല്ല പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. രാജ്യം ഒരു ആരോഗ്യ അടിയന്താരവസ്ഥയെ നേരിടുമ്പോള്‍ ഉത്തരവാദിത്വത്തോട് കൂടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഈ ദുരിതഘട്ടത്തിലും പണക്കാരെ സഹായിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. പണക്കാര്‍ക്ക് സൗജന്യമായി 252 ബസ്സുകള്‍. പട്ടിണി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ലാത്തികളാല്ലാതെ മറ്റൊന്നുമില്ല. അവശ്യ വസ്തുക്കള്‍ ആവശ്യമുള്ള മനുഷ്യര്‍ക്ക് അത് നല്‍കാന്‍ കഴിയുന്ന അത്രയും തുകയാണ് പണക്കാരുടെ കിട്ടാക്കടം എഴുതി തള്ളിയതിലൂടെ നഷ്ടമായത്. പണക്കാരുടെ എഴുതി തള്ളിയ തുക 7.76 ലക്ഷം കോടി രൂപയുടേത്. പാവങ്ങള്‍ക്കൊന്നുമില്ലെന്നും യെച്ചൂരി പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച മാത്രം 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1076 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.