Advertisement
COW POLITICS
തന്റെ ക്യാന്‍സര്‍ മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന് പ്രഗ്യാസിങ് താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 23, 02:48 am
Tuesday, 23rd April 2019, 8:18 am

ഭോപാല്‍: ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാനുള്ള കാരണമെന്ന് ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഭീകരാക്രമണക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍.

‘ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം,ഗോമൂത്രം,പാല്‍, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് ഞാന്‍ എന്റെ അസുഖം മാറ്റിയത്’ പ്രഗ്യാസിങ് പറഞ്ഞു. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാസിങ് പറഞ്ഞു.

ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും അങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രഗ്യാസിങ് പറഞ്ഞു.

രാജ്യത്ത് വിവിധയിടങ്ങളില്‍ പശുക്കളോടുള്ള പെരുമാറ്റം വേദനയുളവാക്കുന്നതാണെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും പ്രഗ്യാസിങ് പറഞ്ഞു.

ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യാ സിങ്ങിന്റെ വാക്കുകള്‍. മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാസിങിന് 2017ല്‍ ജാമ്യം ലഭിച്ചത് ആരോഗ്യ കാരണങ്ങളാലായിരുന്നു.