ആശുപത്രികളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍
national news
ആശുപത്രികളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th May 2021, 5:28 pm

ന്യൂദല്‍ഹി: കൊവിഡ് ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ആരോഗ്യ സേവനങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തിയെ കൊവിഡ് കെയര്‍ സെന്ററുകളിലും, ഡെഡിക്കേറ്റഡ് കൊവിഡ് ഹെല്‍ത്ത് സെന്ററുകളിലും പ്രവേശിപ്പിക്കാവുന്നതാണ്. ഇവിടെ പ്രവേശിക്കുന്നതിന് പോസിറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ഒരു തരത്തിലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നും ഓക്‌സിജനും മരുന്നുകളും ഉറപ്പുവരുത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. നിരവധി പേര്‍ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആശുപത്രികളില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി.

ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവരെന്ന തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ ആശുപത്രിയിലെത്തിയാലും അവരെ മടക്കി അയക്കരുതെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, സ്‌റ്റേഡിയങ്ങള്‍, ലോഡ്ജുകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ കൊവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിക്കും. ആരോഗ്യ കേന്ദ്രങ്ങളെയും കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റും.

സ്വകാര്യ ആശുപത്രികളെയും കൊവിഡ് സെന്ററുകളാക്കി മാറ്റുമെന്നും ഇവിടങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Positive  test report not mandatory for hospitalisation: Govt revises policy