Entertainment
കങ്കണക്ക് വീണ്ടും തിരിച്ചടി; പരാതിക്ക് പിന്നാലെ എമര്‍ജന്‍സിക്ക് കോടതി നോട്ടീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 18, 03:32 pm
Wednesday, 18th September 2024, 9:02 pm

അടിയന്താരാവസ്ഥ കാലം പ്രമേയമാക്കി നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണാവത്ത് നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് കങ്കണ എത്തുന്നത്. സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിക്കാത്തതുകൊണ്ട് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. തങ്ങളുടെ സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് എമര്‍ജന്‍സിക്ക് എതിരെ വിവിധ സിഖ് സംഘടനകള്‍ ബഹിഷ്‌കരണത്തിനും നിരോധനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങള്‍ നടത്തിയിരുന്നു.

ഇപ്പോള്‍ കങ്കണ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ചണ്ഡീഗഡ് ജില്ലാ കോടതി. സിനിമയില്‍ സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് കോടതിയുടെ ഈ നടപടി. രവിന്ദര്‍ സിങ്ങ് ബസ്സി എന്ന അഭിഭാഷകനാണ് സിനിമക്ക് എതിരെ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ശരിയായ ചരിത്ര വസ്തുതകളും കണക്കുകളും പഠിക്കാതെ ചിത്രം സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഈ പ്രവൃത്തി സിഖ് സമൂഹത്തിന്റെ പൊതുവായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് വിന്ദര്‍ സിങ്ങ് ബസ്സി തന്റെ ഹരജിയില്‍ പറയുന്നത്. കുറ്റാക്കാര്‍ക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും ഹരജിയിലൂടെ ബസ്സി ആവശ്യപ്പെട്ടു.

അതേസമയം കങ്കണ റണാവത്തിന് പുറമെ മലയാളിയായ വിശാഖ് നായറും എമര്‍ജന്‍സിയുടെ ഭാഗമാകുന്നുണ്ട്. ഒപ്പം അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം 2023 ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

Content Highlight:  Court Again Issued Notice Against Kangana Ranaut’s Emergency Movie