ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തില്‍ ശക്തമായ നിലപാടെടുത്ത് രംഗത്തുവന്ന ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദല്‍ഹി സന്ദര്‍ശന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതിന് പിന്നാലെയാണ് വരുണിന്റെ തൃണമൂല്‍ പ്രവേശനം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
മമതയുടെ ദല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായകമായ തീരുമാനം ഉണ്ടാകുമെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മമതയുടെ ഗോവാ സന്ദര്‍ശനത്തിലായിരുന്നു ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂലില്‍ ചേര്‍ന്നത്.
ബി.ജെ.പി നേതൃത്വവുമായി അതൃപ്തിയിലുള്ള നേതാക്കള്‍ ഉണ്ടെന്നും അവര്‍ക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമില്ലെന്നും അതുകൊണ്ടുതന്നെ തൃണമൂലുമായി ബന്ധപ്പെടുന്നുണ്ടെന്നും തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, ബി.ജെ.പിയുമായുള്ള അതൃപ്തി വരുണ്‍ ഗാന്ധി വ്യക്തമാക്കിയതാണ്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വരുണ്‍ ഗാന്ധി കത്തയച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ നേരത്തെ പിന്‍വലിച്ചിരുന്നെങ്കില്‍ 700 ഓളം കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് വരുണ്‍ കത്തില്‍ പറഞ്ഞു.
സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രക്ഷോഭവും ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊലയുമായി ബന്ധപ്പെട്ടും കേന്ദ്രത്തിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് രംഗത്തെത്തിയയാളാണ് വരുണ്‍ ഗാന്ധി. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് അയച്ച കത്തിലും ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകക്കൊലയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പിയും വരുണും തമ്മില്‍ നിലവില്‍ നല്ല ബന്ധമല്ല ഉള്ളത്. വരുണ്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ പല വൃത്തങ്ങളില്‍ നിന്നും ശക്തമായി തന്നെ ഉയര്‍ന്നുവരുന്നുണ്ട്.
അതേസമയം, തിങ്കളാഴ്ച മുതല്‍ നാല് ദിവസം മമത ദല്‍ഹിയില്‍ ഉണ്ടാകും. നാല് ദിവസത്തിനുള്ളില്‍ വിവിധ പ്രതിപക്ഷ നേതാക്കളുമായി മമത ചര്‍ച്ച നടത്തും. ഈ ദിവസങ്ങള്‍ക്കിടയില്‍ വരുണിന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ബി.ജെ.പിയില്‍ നിന്നുള്‍പ്പെടെ നിരവധിപേരാണ് തൃണമൂലില്‍ എത്തിയിട്ടുള്ളത്. ഇത് പാര്‍ട്ടിക്ക് വലിയ രീതിയിലുള്ള കരുത്താണ് നല്‍കിയിരിക്കുന്നത്.