'മതപരിവര്‍ത്തന നിയമം കൂടുതല്‍ ശക്തമാക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ തുടരും': പുഷ്‌കര്‍ സിംഗ് ധാമി
national news
'മതപരിവര്‍ത്തന നിയമം കൂടുതല്‍ ശക്തമാക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ തുടരും': പുഷ്‌കര്‍ സിംഗ് ധാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 11:36 am

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതോടൊപ്പം മതപരിവര്‍ത്തന നിയമം ശക്തമാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും ധാമി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് കേന്ദ്രീകൃത മാഗസിനുകളുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമവിദഗ്ധരുള്‍പ്പെടെയുള്ള സംഘമായിരിക്കും കമ്മിറ്റിയിലുണ്ടാകുക. സമിതി സമര്‍പ്പിക്കുന്ന കരട് രേഖ സര്‍ക്കാര്‍ നടപ്പിലാക്കും. ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ഇത് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ധാമി പറഞ്ഞു.

കഴിഞ്ഞ ദിവസം യു.പിയില്‍ നടന്ന പരിപാടിയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുള്ള യു.പിയുടെ ‘നേട്ടങ്ങളെ’ കുറിച്ച് പരിപാടിയില്‍ യോഗി പരാമര്‍ശിച്ചിരുന്നു.

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം യു.പിയില്‍ ഈദ് ദിനത്തില്‍ റോഡുകളിലുള്ള നമസ്‌കാരം നിര്‍ത്തിയതും, പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതും നേട്ടങ്ങളുടെ പട്ടികയിലാണ് യോഗി ചേര്‍ത്തത്. പള്ളികളില്‍ സഥാപിച്ചിരുന്ന ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്ത ശേഷം അവ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ദാനം ചെയ്തുവെന്നും, ഒരു ലക്ഷത്തിലധികം ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചതായും യോഗി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയില്‍ സംസ്ഥാനം രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും, മികച്ച ജീവിത നിലവാരമുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ യു.പി ഒന്നാം സ്ഥാനത്താണെന്നും യോഗി അഭിപ്രായപ്പെട്ടു.

അതേസമയം പോര്‍ച്ചുഗീസുകാര്‍ തകര്‍ത്ത പള്ളികള്‍ പുനര്‍നിര്‍മിക്കണം എന്നായിരുന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവന. ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പോര്‍ച്ചുഗീസുകാര്‍ വന്ന ശേഷം സംസ്ഥാനത്തെ ഹിന്ദുത്വ സംസ്‌കാരവും വിശ്വാസങ്ങളും അടിച്ചമര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘Conversion law will be strengthened, efforts will continue to implement uniform civil code’: Pushkar Singh Dhami