ലഖ്‌നൗ: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയിലാക്കി ബി.ജെ.പി സര്‍ക്കാര്‍.
മകരസംക്രാന്തി ദിവസമായ ജനുവരി 14നായിരുന്നു ക്ഷേത്രത്തിന്റെ ഫൗണ്ടേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.
മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം നിര്‍മാണത്തിന്റെ അടുത്ത ഘട്ടം ഞായറാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2023 ഡിസംബറില്‍ ക്ഷേത്രം ദര്‍ശനത്തിന് വേണ്ടി തുറന്ന് കൊടുക്കുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് ‘ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്’ ജനറല്‍ സെക്രട്ടറി ചാംപത് റായ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.
രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന സിനിമ അയോധ്യയിലെത്തുന്ന വിശ്വാസികള്‍ക്ക് എല്‍.ഇ.ഡി സ്‌ക്രീന്‍ വഴി പ്രദര്‍ശിപ്പിക്കും. ഇതിന് പുറമെ വീഡിയോ യുട്യൂബിലും അപ്‌ലോഡ് ചെയ്യും.
2022 തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ നിന്നും യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ വി.എച്ച്.പി, ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ രാമക്ഷേത്ര നിര്‍മാണം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഒരുങ്ങുകയാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും യു.പിയില്‍ 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തും നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ക്ഷേത്ര നിര്‍മാണം വിഷയമാക്കിക്കൊണ്ട് ബി.ജെ.പി പ്രചാരണം നടത്തുന്നത് പതിവാണ്.
ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.