കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കും; പഞ്ചാബ് മാതൃക നടപ്പിലാക്കാന്‍ ആലോചനയെന്ന് അഹമ്മദ് പട്ടേല്‍
national news
കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കും; പഞ്ചാബ് മാതൃക നടപ്പിലാക്കാന്‍ ആലോചനയെന്ന് അഹമ്മദ് പട്ടേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2020, 8:00 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കുമെന്ന സൂചനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. പഞ്ചാബിന്റെ പാത പിന്‍തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായി പ്രമേയം അവതരിപ്പിക്കാന്‍ ആലോചിച്ചു വരികയാണ് എന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഇത്തരത്തില്‍ എല്ലാ സംസ്ഥാനങ്ങളും പ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കില്ല എന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കപില്‍ സിബലിന്റെ പ്രസ്താവനയെ തുടര്‍ന്ന് പൗരത്വഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാട് എന്താണ് എന്ന് ആരാഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ താന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്നും സുപ്രീം കോടതി നിയമം ഭരണഘടനാപരമാണെന്ന് പറഞ്ഞാല്‍ എല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കേണ്ടി വരുമെന്നാണ് ഉദ്ദേശിച്ചത് എന്ന് കപില്‍ സിബല്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബ് കേരളത്തിനു പിന്നാലെ പൗരത്വഭേദഗതി നിയമത്തില്‍ പ്രമേയം പാസാക്കിയിരുന്നു. നിയമത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും പഞ്ചാബ് വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ നിയമത്തിനെതിരെ സംസ്ഥാന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രണ്ട് സംസ്ഥാനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.