ന്യൂദല്‍ഹി: 986 കോടി രൂപ മുതല്‍മുടക്കില്‍ പെഗാസസിന് സമാനമായി കോഗ്നൈറ്റ് സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാരെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
പെഗാസസ് പോലെ രാഷ്ട്രീയക്കാരെയും, മാധ്യമങ്ങളെയും ആക്റ്റിവിസ്റ്റുകളെയും എന്‍.ജി.ഒകളെയും നിരീക്ഷിക്കുന്നതിനാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ പെഗാസസ് കുപ്രസിദ്ധമായത് കൊണ്ട് പുതിയ ചാരപ്പണിക്കായി കേന്ദ്രം തിരയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെറുക്കുന്നുണ്ട്. എന്നാല്‍ അവര്‍ അവരുടെ മന്ത്രിമാര്‍ക്കെതിരെയും ചാരപ്പണി നടത്തുകയാണ്.
ഈ രാജ്യത്തെ രണ്ട് ചാരന്മാര്‍ ആരെയും വിശ്വസിക്കുന്നില്ല. നിയമത്തെയും മാധ്യമങ്ങളെയും അവര്‍ക്ക് വിശ്വാസമില്ല. അതുക്കൊണ്ടാണ് അവര്‍ കോടികള്‍ മുടക്കി ചാര സോഫ്റ്റ് വെയറുകള്‍ ഇറക്കുമതി ചെയ്യുന്നത്.
തങ്ങളുടെ കൊട്ടാരങ്ങള്‍ തകരുമെന്ന് കരുതുന്നത് കൊണ്ടാണ് അവര്‍ ഇത്തരം പണികള്‍ ചെയ്യുന്നത്,’ പവന്‍ ഖേര പറഞ്ഞു.
ഒരു പ്രമുഖ പത്രത്തില്‍ വന്നിരിക്കുന്ന ഡാറ്റ അനുസരിച്ച് ഇതിനോടകം മോദി സര്‍ക്കാര്‍ ആ സോഫ്റ്റ് വെയര്‍ വാങ്ങിച്ചതായാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നിരവധി പേര്‍ കോഗ്നൈറ്റിനെ കുറിച്ച് അജ്ഞരാണെന്നും മാധ്യമങ്ങള്‍ പോലും ഇത് വലിയ തരത്തില്‍ ചര്‍ച്ചയാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
പെഗാസസിന്റെ സമാന രീതിയിലാണ് കോഗ്നൈറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.