തിരുവനന്തപുരം: ബി.ജെ.പിയെ ഒറ്റക്ക് തോല്‍പിക്കാന്‍ സാധിക്കില്ലെന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം സി.പി.ഐ.എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ബി.ജെ.പിയെ താഴെ ഇറക്കാന്‍ ഏത് ചെകുത്താനെയും കൂട്ട് പിടിക്കാനും, വല്യേട്ടന്‍ മനോഭാവം തീര്‍ത്തും ഒഴിവാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ച് കഴിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പിണറായി വിജയനും സി.പി.ഐ.എമ്മും മൂന്നാം മുന്നണി ഉണ്ടാക്കാനിറങ്ങിയതിന് ഉത്തരം പറയേണ്ടത് സി.പി.ഐ.എമ്മാണെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
‘കര്‍ണാടകയില്‍ ജനാധിപത്യവും മതേതരത്വവും പറഞ്ഞ് ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടയെ തകര്‍ത്തെറിഞ്ഞ കോണ്‍ഗ്രസിന്റെ വിജയം സി.പി.ഐ.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട് വല്ലാതെ.
എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ബി.ജെ.പിയെ കോണ്‍ഗ്രസ് തകര്‍ക്കുന്നതില്‍ നിങ്ങളെന്തിനു ബേജാറാവുന്നു. മൂന്നാം മുന്നണി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ല എന്ന് എന്തിനാണിപ്പോള്‍ പറയുന്നത്?
നിങ്ങള്‍ മൂന്നാം മുന്നണി ബി.ജെ.പിയെ തോല്‍പിച്ച് അധികാരത്തില്‍ വരുമ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷമേ ഉണ്ടാകൂ…! പിന്നെ കര്‍ണാടകയിലെ ജയത്തില്‍ കോണ്‍ഗ്രസിന് ഒരു അഹങ്കാരവുമില്ല.
രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ബി.ജെ.പിയെ താഴെ ഇറക്കാന്‍ ഏത് ചെകുത്താനെ കൂട്ട് പിടിക്കാനും, വല്യേട്ടന്‍ മനോഭാവം തീര്‍ത്തും ഒഴിവാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ച് കഴിഞ്ഞതാണ്. അപ്പോള്‍ ശ്രീ പിണറായി വിജയനും സി.പി.ഐ.എമ്മും മൂന്നാം മുന്നണി ഉണ്ടാക്കാനിറങ്ങിയതിന് നിങ്ങളാണ് ഉത്തരം പറയേണ്ടത്.
കോണ്‍ഗ്രസല്ല. രാജ്യത്തെ കനല്‍ത്തരികള്‍ പെറുക്കിയെടുത്ത് കൂട്ടിയിട്ട് കത്തിച്ച് ബി.ജെ.പിയെ ഒന്ന് താഴെ ഇറക്കി രാജ്യത്തെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ടി.സിദ്ദീഖ് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ശത്രുതാ നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്നും അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തതെന്നും പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. കണ്ണൂരില്‍ ഇ.കെ. നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും, എന്നാല്‍ കേരളത്തില്‍ സി.പി.ഐ.എമ്മിനെ മുഖ്യ ശത്രുവായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.