ഗുവാഹത്തി: കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡെയുമായുള്ള അഭിമുഖത്തിനിടെയാണ് പ്രിയങ്കയുടെ പരാമര്‍ശം.
‘കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥം. ഇന്ത്യയെ രൂപീകരിച്ച ആശയമാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബം അപ്രസക്തമാണ്. ഏത് നേതാവോ, ഏത് കുടുംബമോ ആയാലും കോണ്‍ഗ്രസ് എന്ന ആശയത്തിനാണ് പ്രാധാന്യം,’ പ്രിയങ്ക പറഞ്ഞു.
അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം. അസം ജനതയ്‌ക്കേറ്റ മുറിവുകള്‍ക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ബി.ജെ.പി എന്ന പാര്‍ട്ടിയ്‌ക്കെതിരെ മാത്രമല്ല അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും പ്രിയങ്ക പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് ബി.ജെ.പിയ്ക്ക് അവസരം നല്‍കിയ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി നേതാക്കളുടെ തനിനിറം മനസ്സിലാക്കിയെന്നും ഇത് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ബി.ജെ.പി പ്രചരണങ്ങള്‍ക്കെതിരെയും പ്രിയങ്ക രൂക്ഷവിമര്‍ശനമുന്നയിച്ചു. പ്രതിപക്ഷത്തിനെതിരെ ഒന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതാണ് ബി.ജെ.പിയുടെ സ്വഭാവമെന്നും അവര്‍ പറഞ്ഞു.
അതേസമയം കേന്ദ്രത്തിന്റെ പൗരത്വ നിയമത്തിനെതിരെയും പ്രിയങ്ക രൂക്ഷവിമര്‍ശനം നടത്തി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക