ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കോണ്‍ഗ്രസിനാണ് കിട്ടിയത്: ബി.ഗോപാലകൃഷ്ണന്‍
Kerala News
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കോണ്‍ഗ്രസിനാണ് കിട്ടിയത്: ബി.ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2023, 10:17 pm

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അത് കോണ്‍ഗ്രസിനാണ് കിട്ടിയതെന്നും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ബി.ജെ.പിയുടെ മുഖ്യശത്രു ആരാണ് എന്നുള്ളതിന് ഒരു വിചിന്തനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തങ്ങള്‍ ജയിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് കോണ്‍ഫിഡന്‍സ് വേണമെന്നും ആ കോണ്‍ഫിഡന്‍സ് ജനങ്ങളില്‍ ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല എന്നും ബി.ജെ.പി നേതാവ് ഏഷ്യാനെറ്റ് ന്യൂസിന്റെ പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.

‘ബി.ജെ.പിയുടെ വോട്ട് കുറയാനും കൂടാനുമൊക്കെയുള്ള സാധ്യതകള്‍ ഒരു തെരഞ്ഞെടുപ്പിലുണ്ട്. ഞാന്‍ ഒരു അവകാശവാദവും ഉയര്‍ത്തുന്നില്ല. പക്ഷെ, ഒരു വാസ്തവം ഞാന്‍ പറയാം. രണ്ട് മുന്നണികളുടെ ഇടയില്‍ നിന്ന് മത്സരിക്കുന്ന മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളവരെ തോല്‍പിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാകണം.

ഇവര്‍ക്ക് വോട്ട് ചെയ്താല്‍ ഇവര്‍ ജയിക്കും, അല്ലെങ്കില്‍ ഇവര്‍ വിജയിച്ചാല്‍ അത് നാളെ വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കും എന്ന വിശ്വാസമാണ്. ഇവര്‍ക്ക് വോട്ട് ചെയ്താല്‍ വിജയിക്കും എന്ന ഒരു കോണ്‍ഫിഡന്‍സ് നിര്‍മിക്കുവാന്‍ നിര്‍ഭാഗ്യവശാല്‍ ബി.ജെ.പിക്ക് കഴിയുന്നില്ല, അല്ലെങ്കില്‍ പലപ്പോഴും ഞങ്ങള്‍ പരാജയപ്പെടുന്നത് കൊണ്ട് ഞങ്ങള്‍ നിര്‍മിക്കുന്ന ആ കോണ്‍ഫിഡന്‍സ് പ്രാവര്‍ത്തികമാകുന്നില്ല.

ബി.ജെ.പിയുടെ ഒന്നാമത്തെ ശത്രു ആര് എന്നുള്ളതില്‍ ഒരു വിചിന്തനം ആവശ്യമുണ്ട്. അത് ഞങ്ങള്‍ ആലോചിക്കേണ്ടതാണ്. കാരണം ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുകള്‍ കിട്ടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പി ലഭിക്കേണ്ടിയിരുന്ന വോട്ട് ബി.ജെ.പിക്ക് ലഭിച്ചിട്ടില്ല. ബി.ജെ.പി ജയിക്കില്ല എന്നതിനാല്‍ ഞങ്ങള്‍ക്ക് കിട്ടേണ്ട ആ വോട്ടുകള്‍ ഇന്നത്തെ ദുര്‍ഭരണം ഇല്ലാതാക്കണം എന്നുള്ളതിനാല്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. അതൊരു യാഥാര്‍ത്ഥ്യമാണ്. അന്ന് അയ്യപ്പനാണെങ്കില്‍ ഇന്ന് ഗണപതിയുമുണ്ടായിട്ടുണ്ടാകും.’ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

CONTENT HIGHLIGHTS: Congress got the votes it should have got for the BJP on the Sabarimala issue: B. Gopalakrishnan