അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനിടെ ഇ.വി.എമ്മില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു.
ഇ.വി.എമ്മില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഭാരത്ഭായ് വെല്‍ജിഭായ് സോളങ്കി ആദ്യം ധര്‍ണ നടത്തി പ്രതിഷേധിച്ചെങ്കിലും അധികൃതരില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് തന്റെ കയ്യിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ അനുയായികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിടിച്ചുമാറ്റുകയായിരുന്നു.
പോളിങ് റൂമില്‍ വെച്ചാണ് സോളങ്കി ഇ.വി.എമ്മില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ഉന്നയിച്ചത്. ഇ.വി.എമ്മുകള്‍ ശരിയായി സീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ആരോപണം.
അതേസമയം, ഗുജറാത്തിലെ 182 സീറ്റില്‍ നിലവിലെ ലീഡ് നിലയില്‍ മുന്നേറിയാല്‍ ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകും നേടുക. 154 സീറ്റുകളിലാണ് ബി.ജെ.പി നിലവില്‍ ലീഡ് ചെയ്യുന്നത്.
2002ല്‍ 127 സീറ്റുകളില്‍ വിജയിച്ച് സ്വന്തം റെക്കോഡ് തന്നെയാകും ബി.ജെ.പി ഇതിലൂടെ തിരുത്തുക. 2017ല്‍ 99 സീറ്റായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് വമ്പന്‍ പ്രചാരണ പരിപാടികളായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്.
എന്നാല്‍, 1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 21 മണ്ഡലങ്ങളിലേക്ക് ലീഡ് ചുരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.