കശ്മീരിലെ കസ്റ്റഡി റിപ്പോര്‍ട്ടുകളിലും തുടരുന്ന നിയന്ത്രണങ്ങളിലും ആശങ്കയുണ്ടെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
Daily News
കശ്മീരിലെ കസ്റ്റഡി റിപ്പോര്‍ട്ടുകളിലും തുടരുന്ന നിയന്ത്രണങ്ങളിലും ആശങ്കയുണ്ടെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 9:17 am

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കശ്മീര്‍ മേഖലയില്‍ പ്രദേശവാസികള്‍ നേരിടുന്ന നിയന്ത്രണങ്ങളും കസ്റ്റഡി റിപ്പോര്‍ട്ടുകളും വളരെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

‘ മനുഷ്യാവകാശത്തെ ബഹുമാനിക്കാനും നിയമാനുസൃതം പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു. പ്രശ്‌നബാധിതരെക്കൂടി ഭാഗമാക്കിക്കൊണ്ട് ചര്‍ച്ച അനിവാര്യമാണ്.’ വക്താവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയേണ്ടതിന്റെയും നിയന്ത്രണ രേഖയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ‘സാധാരണ രാഷ്ട്രീയ നിലയിലേക്ക് ജമ്മുകശ്മീര്‍ ഉടന്‍ തിരിച്ചുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ചര്‍ച്ചകളെ ഞങ്ങള്‍ പിന്തുടരുന്നത് തുടരും.’ എന്നും വക്താവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നു ദിവസം മുമ്പ് ജി.7 ഉച്ചകോടിയുടെ ഭാഗമായി മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി വിഷയങ്ങളാണെന്നും അതില്‍ മൂന്നാമതൊരു മധ്യസ്ഥന് അവസരമില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.

‘ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ പല ഉഭയകക്ഷി പ്രശ്‌നങ്ങളുമുണ്ട്. മൂന്നാമതൊരു രാജ്യത്തെ പ്രശ്‌നത്തിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യും.’ എന്നും മോദി പറഞ്ഞിരുന്നു.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് മോദിയുടെ വാക്കുകളില്‍ നിന്ന് മനസിലായതെന്നും തനിക്ക് ഇരുരാജ്യങ്ങളിലെ നേതാക്കന്മാരുമായും നല്ല ബന്ധമാണുള്ളതെന്നും അവര്‍ക്ക് പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഇതിന് മറുപടിയായി ട്രംപ് പറഞ്ഞിരുന്നു.