'മടിയിൽ കനമുള്ളവനേ വഴിയിൽ ഭയക്കേണ്ടതുള്ളു'; പശ്ചിമബം​ഗാൾ അഴിമതിയിൽ ടി.എം.സിക്ക് മുൻ സി.പി.ഐ.എം മന്ത്രിയുടെ അഴിമതിരഹിത രാഷ്ട്രീയത്തെ പങ്കുവെച്ച് ഇടതുപക്ഷ പ്രൊഫൈലുകൾ
national news
'മടിയിൽ കനമുള്ളവനേ വഴിയിൽ ഭയക്കേണ്ടതുള്ളു'; പശ്ചിമബം​ഗാൾ അഴിമതിയിൽ ടി.എം.സിക്ക് മുൻ സി.പി.ഐ.എം മന്ത്രിയുടെ അഴിമതിരഹിത രാഷ്ട്രീയത്തെ പങ്കുവെച്ച് ഇടതുപക്ഷ പ്രൊഫൈലുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 4:34 pm

സ്‌കൂൾ റിക്രൂട്ടമെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രിയായ പാർഥ ചാറ്റർജിയുടെയും മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ഡെയുടെയും ചിത്രങ്ങൾ പങ്കുവെച്ച് ഇടതുപക്ഷ പ്രൊഫൈലുകൾ.

അഴിമതിയിൽപ്പെട്ട മന്ത്രിയുടെ വീട്ടിൽ നിന്ന് ഈ.ഡി കണ്ടെത്തിയ സ്വത്ത് വകകൾകൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിനോടപ്പം തന്നെ മുൻ മന്ത്രിയായ പാർഥ ഡെ അദ്ദേഹത്തിന്റെ വീട്ടിൽ നിൽക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്..

2006ൽ പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.പി.ഐ.എം നേതാവ് പാർഥ ഡെയുടെ സാമ്പാദ്യം ചെറിയൊരു വീട് മാത്രമാണെന്നും മറ്റൊന്നും അഴിമതിയിലൂടെ അദ്ദേഹം സ്വന്തമാക്കിയില്ല എന്നുമാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ ചർച്ച.

ഇടതുപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ കാണിച്ചു വിരട്ടി ബി.ജെ.പി പക്ഷത്താക്കാൻ കഴിയാത്തത് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ചിത്രങ്ങൾ എന്ന് പറയുന്നവരുമുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മടിയിൽ കനമുള്ളവനേ വഴിയിൽ ഭയക്കേണ്ടതുള്ളു’ എന്ന വാചകം തലക്കെട്ടായി വെച്ചുകൊണ്ടാണ് മലയാളി ഇടതു പക്ഷ പ്രൊഫൈലുകൾ ചിത്രങ്ങൾ പങ്കുവെക്കുന്നത്.

ഇടതുപക്ഷ നേതാക്കൾ ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് സ്ഥാനങ്ങൾ ഉപയോഗിക്കുന്നതെന്നും മറിച്ച്‌ ബി.ജെ.പി നേതാക്കൾ സ്വന്തം ലാഭമാണ് അധികാര സ്ഥാനങ്ങളിൽ എത്തിയാൽ നോക്കുന്നതെന്നും പറയുന്നവരുമുണ്ട്

‘ബംഗാളിൽ രണ്ട് പാർത്ഥമാരാണ് മുന്നേ വിദ്യാഭ്യാസ മന്ത്രിയായിരുന്നത്.

ചിത്രം 1: പാർത്ഥ ചാറ്റർജി, ആളുടെ ബിനാമി വീട്ടിൽ നിന്ന് ED ഇന്നലെ പിടിച്ച കോടികളുടെ ശേഖരം. തൃണമൂൽ കോണ്ഗ്രസ് ആണ് പാർട്ടി.

ചിത്രം 2: പാർത്ഥ ദേ. ആ കാണുന്നതാണ് വീട്. എം എൽ എ യും, മന്ത്രിയും ആയിരുന്നു.
കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് ആണ് പാർട്ടി.

എന്തു കൊണ്ടാണ് ഇടതു പക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ കാണിച്ചു വിരട്ടി ബി.ജെ.പി പക്ഷത്താക്കാൻ കഴിയാത്തത് എന്നുള്ളതിന്റെ കാരണവും ഇതു തന്നെ.
” മടിയിൽ കനമുള്ളവനേ വഴിയിൽ ഭയക്കേണ്ടതുള്ളു ”

എന്നിങ്ങനെയുള്ള പോസ്റ്റുകളും ചിത്രം പങ്കുവെച്ചുകൊണ്ട് കാണാം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)യുടെ നേതാവായിരുന്നു പാർത്ഥ ഡെ. 25 വർഷം പശ്ചിമ ബംഗാളിലെ നിയമസഭാംഗമായിരുന്നു ഡെ. മൂന്നാം ഭട്ടാചാര്യ മന്ത്രിസഭയുടെ ഭാഗമായി 2006 നും 2011 നും ഇടയിൽ പാർത്ഥ ഡെ ആയിരുന്നു പശ്ചിമ ബംഗാളിലെ സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി.

പശ്ചിമ ബംഗാൾ മുൻ വിദ്യഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയേയും അവരുടെ അനുയായിയായ അർപിത മുഖർജിയേയും ഇ.ഡി ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഇവരുടെ വീട്ടിൽ നിന്നും 20 കോടിയോളം രൂപ ഇ.ഡി പിടിച്ചെടുത്തത്. ആഗസ്റ്റ് മൂന്ന് വരെ ഇരുവരേയും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായിരുന്നു പാർഥ ചാറ്റർജി. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരേയും ജീവനക്കാരേയും നിയമിച്ചതിൽ അഴിമതി നടത്തിയെന്നാണ് ചാറ്റർജിക്കെതിരെയുള്ള കേസ്.

Content Highlight: Communist profiles shares photos of ex education minister of west bengal partha De and Current partha chaterjee and says tmc that this is why bjp never forces cpim to change their party