Daily News
വര്‍ഗീയ പ്രസംഗം; ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 07, 02:20 am
Friday, 7th October 2016, 7:50 am

മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ഐ.പി.സി 153-ാം വകുവപ്പ് ചുമത്തി കേസെടുത്തിരുന്നു. 


കോഴിക്കോട്: വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തി. നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അമുസ്‌ലിംങ്ങള്‍ക്കെതിരെ ശംസുദ്ദീന്‍ പാലത്ത് നടത്തിയ പ്രസംഗം ഏറെ വിവാദമായ സാഹചര്യത്തിലാണിത്. മുസ്‌ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്. സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്. അമുസ്‌ലിം കലണ്ടര്‍ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളാണ് ഇയാള്‍ തന്റെ വിവാദമായ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നത്.

കോഴിക്കോട് കാരമ്പറമ്പില്‍ നടന്ന പരിപാടിയില്‍ ശംസുദ്ദീന്‍ പാലത്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ഐ.പി.സി 153-ാം വകുവപ്പ് ചുമത്തി കേസെടുത്തിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറിന്റെ പരാതിയിലായിരുന്നു കേസ്. സെപ്തംബര്‍ രണ്ടിന് ” അമുസ്ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി” എന്ന തലക്കെട്ടില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെയും ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിന്റെ വീഡിയോകള്‍ കേട്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതിയെന്ന് ഷുക്കൂറിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ശംസുദ്ദീന്‍ പാലത്ത് രംഗത്തെത്തിയിരുന്നു.

മുസ്‌ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്‌ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.