കണ്ണൂര്‍: കേരളം ഭരിക്കുന്നയാള്‍ സര്‍ സി.പിയല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്ന രീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ റെയിലിന്റെ ഡി.പി.ആര്‍ രഹസ്യ രേഖയെന്ന സര്‍ക്കാറിന്റെ നിലപാട് വിചിത്രമാണെന്നും പൗരപ്രമുഖരുമായുള്ളത് തട്ടികൂട്ട് റെഡിമെയ്ഡ് യോഗമാണെന്നും സുധീരന്‍ പറഞ്ഞു.
കെ റെയിലിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരം ജനാധിപത്യ രീതിയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. കെ റെയില്‍ സര്‍വേകല്ല് പിഴുതെറിഞ്ഞ് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.
പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെ റെയില്‍ അതിരടയാളക്കല്ല് പറിക്കാന്‍ വരുന്നവര്‍ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
2011ലെ യു.ഡി.എഫ് മാനിഫെസ്റ്റോയിലും 2012ലെ എമര്‍ജിങ് കേരളയിലും യു.ഡി.എഫിന്റെ പ്രധാന സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കെ റെയിലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
അതേസമയം, കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ ഹെക്കോടതിയേ അറിയിച്ചിരുന്നു.
2013ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ വ്യക്തമാക്കി. കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ല. അതുകൊണ്ട്തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു.
കെ റെയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് റെയില്‍വേ നിലപാടറിയിച്ചത്.
അതേസമയം, കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക.
തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.