കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി, സങ്കടം അടക്കാനാവാതെയായിരുന്നു പിണറായി സംസാരിച്ചത്.
ഇങ്ങനെയൊരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്ന് അറിയില്ല. ചില കാര്യങ്ങള്‍ നമ്മുടെ കയ്യില്‍ അല്ലെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
‘ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ… അവസാനിപ്പിക്കുന്നു,’എന്ന് പറഞ്ഞ് വിതുമ്പിക്കൊണ്ട്് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി ഇരിപ്പിടത്തിലേക്ക് മടങ്ങി. ഇരിപ്പിടത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരിയുടെ ഓര്‍മകളില്‍ വീണ്ടും വിതുമ്പി.
പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങള്‍ക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാന്‍ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്നും പിണറായി പറഞ്ഞു.
‘ഇങ്ങനെയൊരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്ന് അറിയില്ല. ചില കാര്യങ്ങള്‍ നമ്മുടെ കയ്യില്‍ അല്ല. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോള്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി.
കോടിയേരിയുടെ വേര്‍പാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തില്‍ എല്ലാ പാര്‍ട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേര്‍ന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തില്‍ ആവശ്യം,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് നടന്നു. ഇ.കെ. നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.
ചെന്നൈയില്‍ നിന്ന് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിച്ച മൃതദേഹം ഞായര്‍ രാത്രി പത്തോടെയാണ് കോടിയേരിയുടെ വീട്ടിലേക്ക് എത്തിച്ചത്. എട്ട് മണിക്കൂറോളം തലശ്ശേരി ടൗണ്‍ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നേതാക്കളും എം.എല്‍.എമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരിയുടെ വിയോഗം. ഞായറാഴ്ച ഒരു മണിയോടെ ഭൗതിക ദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു.