തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തുകാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുന്നുവെന്ന് ഒരാള്‍ പറയുമ്പോള്‍ അത് എത്ര ഗൗരവതരമായ വിഷയമാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതെന്ന് പറയുമ്പോള്‍ അതിനുള്ള ഉത്തരം പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്തമില്ലേ എന്നും രമേശ് ചെന്നിത്തല ചോദിക്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരായ പി.വി. അന്‍വറിന്റെ പ്രസ്താവനകള്‍ ഉള്‍പ്പെടെ മുമ്പ് തങ്ങള്‍ പറഞ്ഞതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. അവിടെയാണ് എല്ലാ മാഫിയ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അതിനെ സംബന്ധിച്ച് ഭരണകക്ഷി എം.എല്‍.എയായ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മറുപടി പറയാന്‍ നേതൃത്വം തയ്യാറാവുന്നില്ല. പകരം പാര്‍ട്ടി അണികളെ മുന്‍നിര്‍ത്തി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളെ തമസ്‌കരിക്കാനാണ് ശ്രമം നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി എന്തുകൊണ്ട് ഇക്കാര്യത്തില്‍ വിശദമായ ഒരു ചിത്രം തരുന്നില്ല. ഒറ്റവാക്കില്‍ അന്‍വറിനെ തള്ളിപറഞ്ഞുവെന്നല്ലാതെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും എ.ഡി.ജി.പി അജിത് കുമാറിനെതിരെയും ഉന്നയിച്ച വിഷയങ്ങളില്‍ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതില്‍ നിന്ന് മനസിലാകുന്നത് മുഖ്യമന്ത്രിക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്നാണ്. മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ദി ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖം അതിലും ഗൗരവമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറത്തെ ജനങ്ങള്‍ സ്വര്‍ണക്കടത്തിനും മയക്കുമരുന്ന് കച്ചവടത്തിനും കൂട്ടുനില്‍ക്കുന്നുവെന്ന രീതിയില്‍ അദ്ദേഹം അഭിമുഖം നല്‍കിയത് മോശമായെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തത്. അഭിമുഖത്തിലെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ദേശവിരുദ്ധ പ്രവര്‍ത്തനമായ സ്വര്‍ണക്കടത്തിനെ ദേശവിരുദ്ധ പ്രവര്‍ത്തനമായി കണ്ട് നേരിടുന്നതിന് പകരം മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കും വിധം പരാമര്‍ശം നടത്തിയത് അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
Content Highlight: CM has responsibility to answer Anwar’s allegations: Ramesh Chennithala