എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി എടുക്കില്ല: സി.ഐ.ടി.യു
Kerala News
എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി എടുക്കില്ല: സി.ഐ.ടി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2022, 11:57 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍- ഗതാഗത മന്ത്രിമാര്‍ തൊഴില്‍ യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. എട്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മതിയെന്ന നിലപാടില്‍ യൂണിയനുകള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി എടുക്കില്ലെന്നും ഓവര്‍ടൈമിന് കൂടുതല്‍ വേതനം വേണമെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്താല്‍ അനുവദിക്കില്ലെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നും സി.ഐ.ടി.യു പറഞ്ഞു.

ശമ്പളം വിതരണം, യൂണിയന്‍ പ്രൊട്ടക്ഷന്‍, ഡ്യൂട്ടി പരിഷ്‌കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവന്‍കുട്ടിയും ആന്റണി രാജുവും വ്യക്തമാക്കി. ഐ.എന്‍.ടി.യു.സിയും ടി.ഡി.എഫും സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുള്ള നിലപാട് തുടരുകയാണ്. തൊഴിലാളികളോട് അടിച്ചമര്‍ത്തല്‍ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പക്കാമെന്നാണ് സര്‍ക്കാരിന് ഇന്ന് ലഭിച്ച നിയമോപദേശം. സ്ഥാപനമോ ചുമതലപ്പെടുത്തുന്ന വ്യക്തിയോ നിശ്ചയിക്കുന്നതാണ് തൊഴില്‍ സമയം എന്ന നിര്‍വചനം ചൂണ്ടിക്കാട്ടിയാണ് നിയമ സെക്രട്ടറിയുടെ നിയമോപദേശം.

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ എട്ട് മണിക്കൂര്‍ വാഹനം ഓടിക്കുന്ന തൊഴിലെടുക്കുന്ന സമയവും ബാക്കി ആദായം നല്‍കുന്ന വിശ്രമനേരവുമാണെന്ന് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.

സിഗിംള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിനെ കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ പ്രതിഷേധമാണ് നേരത്തെ നടത്തിയത്. ഈ വിഷയത്തില്‍ നേരത്തെ ഗതാഗതമന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി യൂണിയനുകള്‍ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന ചര്‍ച്ചക്ക് മുമ്പായിട്ടാണ് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.