ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഇന്റര്‍നാഷണല്‍ മുഹമ്മദ് സല മെസിയെക്കാളും റൊണാള്‍ഡോയെക്കാളും മികച്ച രീതിയിലാണ് കളിക്കുന്നതെന്ന് മുന്‍ താരവും പണ്ഡിറ്റുമായ ക്രിസ് സട്ടണ്‍ അഭിപ്രായപ്പെട്ടിരുന്നു. 2021 ഒക്ടോബര്‍ മൂന്നിന് ആന്‍ഫീല്‍ഡില്‍ നടന്ന ലിവര്‍പൂള്‍ – മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിന് ശേഷമാണ് സട്ടണ്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
ഈ മത്സരത്തിന് മുമ്പ് നടന്ന നാല് മത്സരത്തിലും മുഹമ്മദ് സല ഗോള്‍ സ്വന്തമാക്കിയിരുന്നു. 2-2ന് അവസാനിച്ച ഈ മത്സരത്തില്‍ സല ഒരു ഗോളിന് വഴിയൊരുക്കുകയും നിര്‍ണായകമായ ഗോള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
താരത്തിന്റെ ഈ ഗോളിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. സിറ്റിയുടെ പ്രതിരോധ മതിലിനെ കീറിമുറിച്ചാണ് താരം ഗോള്‍ സ്വന്തമാക്കിയത്.
ഈ മത്സരത്തിന് ശേഷമാണ് സല മെസിയെക്കാളും റൊണാള്‍ഡോയെക്കാളും മികച്ച ഫുട്‌ബോളാണ് പുറത്തെടുക്കുന്നതെന്ന് സട്ടണ്‍ അഭിപ്രായപ്പെട്ടത്. ബി.ബി.സിയിലൂടെയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം ഇക്കാര്യം പറഞ്ഞത്.
‘നിലവില്‍, ഈ സാഹചര്യത്തില്‍ അവന്‍ മെസിയേക്കാളും റൊണാള്‍ഡോയെക്കാളും മികച്ച താരമാണ്. കഴിഞ്ഞ കുറച്ചു സീസണുകളിലായി അവന്റെ പ്രകടനം ഏറെ മികച്ചതാണ്. ഇതേ വേദിയില്‍ വര്‍ഷങ്ങളായി ഇതേ കാര്യം തന്നെ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത് അവന്‍ എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുന്നു.
സ്ഥിരതയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ലിവര്‍പൂളിലെ ഓരോ താരങ്ങളും പരാജയപ്പെടുമ്പോള്‍ അവന്‍ ഓരോ സീസണിലും, സീസണിന് പിന്നാലെ സീസണ്‍ എന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തിപ്പോരുന്നു,’ സട്ടണ്‍ പറഞ്ഞു.
ഈ പ്രസ്താവന നടത്തുമ്പോള്‍ മെസി പി.എസ്.ജിയിലും റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുമായിരുന്നു കളിച്ചിരുന്നതെന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ആ സീസണില്‍ 23 ഗോളുമായി മുഹമ്മദ് സലയാണ് പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. 23 ഗോളുമായി ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ സോണ്‍ ഹ്യുങ് മിന്നും ഒന്നാമതുണ്ടായിരുന്നു.
ഈ സീസണിലും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. കളിച്ച 29 മത്സരത്തില്‍ നിന്നും 27 ഗോളാണ് സല അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ടിനേക്കാള്‍ ഏഴ് ഗോളിന്റെ ലീഡുമായാണ് സല ഒന്നാമത് തുടരുന്നത്. ഇതിനൊപ്പം 17 തവണ സഹതാരങ്ങളെ കൊണ്ട് സല ഗോളടിപ്പിക്കുകയും ചെയ്തു.
സലയുടെ കരുത്തില്‍ ലിവര്‍പൂള്‍ നിലവില്‍ പ്രീമിയര്‍ ലീഗ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ്. 29 മത്സരത്തില്‍ നിന്നും 21 ജയത്തോടെ 70 പോയിന്റാണ് റെഡ്‌സിനുള്ളത്. 28 മത്സരത്തില്‍ നിന്നും 15 ജയവുമായി 55 പോയിന്റുള്ള ആഴ്‌സണലാണ് രണ്ടാമത്.
ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലാണ് ഇനി ലിവര്‍പൂളിന് മുമ്പിലുള്ളത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂകാസിലാണ് എതിരാളികള്‍.
Content highlight: Chris Sutton once said in 2021 that Mohamed Salah is a better footballer than Messi and Ronaldo.