Kerala News
'ഇതരമതത്തിലുള്ളയാള്‍ക്ക് ക്ഷേത്രത്തില്‍ എന്തുകാര്യം?'; ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് നിന്ന യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 05, 09:49 am
Friday, 5th November 2021, 3:19 pm

കൊച്ചി: ചോറ്റാനിരക്കര ക്ഷേത്ര പരിസരത്ത് നിന്ന യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കൊച്ചിയില്‍ ഒരു ഇന്റര്‍വ്യൂവിന് എത്തിയ കോഴിക്കോട് സ്വദേശി മിഥുന്‍, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ചോറ്റാനിക്കര എസ്.ഐയാണ് യുവാക്കളെ മര്‍ദ്ദിച്ചത്. നവംബര്‍ ഒന്നിന് രാത്രി 11 മണിക്കാണ് സംഭവം.

ഇന്റര്‍വ്യൂവിന് പോകുന്നതിന് മുന്‍പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകണം എന്ന് മിഥുന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സെയ്ദാലി ഒപ്പം പോയത്.

നടയടച്ചതിനാല്‍ രാത്രി ക്ഷേത്ര പരിസരത്ത് കിടന്ന ശേഷം രാവിലെ തൊഴുത് മടങ്ങാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി വാഹനം കാത്ത് നില്‍ക്കുന്നതിനിടെയാണ് ചോറ്റാനിക്കര പൊലീസിന്റെ വാഹനം അതുവഴി എത്തിയത്.

വാഹനം നിര്‍ത്തി ഇവരോട പേര് ചോദിച്ച എസ്.ഐ ഇതരമതത്തിലുള്ളയാള്‍ക്ക് ക്ഷേത്രത്തില്‍ എന്തുകാര്യം എന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചതെന്ന് സെയ്ദാലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സുഹൃത്തിനൊപ്പം വന്നതാണെന്ന് പറയുകയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ളതിന്റെ രേഖകള്‍ കാണിക്കുകയും ചെയ്തിട്ടും തെറി വിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് സെയ്ദാലി പറയുന്നു. മിഥുനേയും പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ട്.

യുവാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും പഞ്ചായത്ത് അധികൃതരുമാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പിക്ക് യുവാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chottanikkara Police brutally attacked youths