ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ അഴിമതി ആരോപണവുമായി ശാരദാ ചിട്ടിക്കമ്പനി ഉടമ
India
ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ അഴിമതി ആരോപണവുമായി ശാരദാ ചിട്ടിക്കമ്പനി ഉടമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2013, 12:56 am

ന്യൂദല്‍ഹി: ബംഗാളില്‍ അറസ്റ്റിലായ ശാരദ ചിട്ടിക്കമ്പനി ഉടമ സുദീപ്ത സെന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി.

ആസാം കേന്ദ്രീകരിച്ച് ചാനല്‍ തുടങ്ങാന്‍ നളിനി ചിദംബരം 42 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് സുദീപ്ത സെന്നിന്റെ ആരോപണം. സുദീപ്ത സെന്‍ സി.ബി.ഐ.ക്ക് നല്‍കിയ 18 പേജുള്ള കത്തില്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. []

സി.ബി.ഐ.യുടെ ദല്‍ഹി ഓഫീസില്‍ ലഭിച്ച കത്ത് കൊല്‍ക്കത്തയിലെ ഓഫീസിലേക്ക് അയയ്ക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ചിട്ടിഫണ്ട് വ്യവസായത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകച്ചവടം തുറന്നു കാട്ടുന്നതാണ് കത്ത്.

തന്റെ ചിട്ടികമ്പനി പൊളിഞ്ഞതിന് പിന്നില്‍ ചില രാഷ്ട്രീയക്കാരാണെന്ന് കത്തില്‍ സുദീപ്താ സെന്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും എം.പിമാരുമായ രണ്ടുപേരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നു.

18 പേജുകള്‍ ഉള്ള കത്തിലെ പത്താം പേജിലാണ് നളിനി ചിദംബരത്തിന്റെ പേര് പരാമര്‍ശിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ചാനല്‍ തുടങ്ങുന്നതിന്  നളിനി ചിദംബരം 42 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ 25 കോടി രൂപ സുദീപ്താ നല്‍കുകയും ചെയ്തു.

ഇതു കൂടാതെ ഒരു കോടി രൂപ കണ്‍സള്‍ട്ടിങ് ഫീസായും ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി കൊല്‍ക്കത്തയില്‍ പോകുന്നതിനും വരുന്നതിനുമുള്ള വിമാനടിക്കറ്റ്, താജ് ഹോട്ടലില്‍ താമസിക്കുന്നതിനുള്ള ചിലവ് എന്നിവയും തന്നില്‍ നിന്ന് നളിനി  ഈടാക്കിയെന്ന് സൂദീപ്താ സെന്‍ പറയുന്നു.

നരസിംഹറാവു സര്‍ക്കാറില്‍ മന്ത്രിയായിരുന്ന മാതംഗ് സിങ്, ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന മനോരഞ്ജനാ സിങ് എന്നിവരുടെ പേരുകളും സുദീപ് തോയുടെ കത്തിലുണ്ട്. പോസിറ്റീവ് ഗ്രൂപ്പ് എന്ന സ്ഥാപനം വില്‍ക്കുന്നതിന് ചെന്നൈയില്‍ നളിനി ചിദംബരത്തിന്റെ ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന മനോരഞ്ജനാ സിങ്ങാണെന്ന് കത്തില്‍ പറയുന്നു.

കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ  കുനാല്‍ ഘോഷ്, ശാരദാ ഗ്രൂപ്പ് മിഡിയയുടെ സിഇഒ ശ്രിഞ്‌ജോയ് ബോസ് എന്നിവര്‍ നിര്‍ബന്ധിച്ച് തന്നെ കൊണ്ട് ചാനല്‍ എടുപ്പിക്കുകയായിരുന്നുവെന്ന് സുദീപ്താ പറയുന്നു.

കുനാല്‍ ഘോഷ് കമ്പനി ചെയര്‍മാന്‍ എന്ന നിലയില്‍ 15 ലക്ഷം രൂപയാണ് ശമ്പളമായി വാങ്ങിയിരുന്നത്. കുനാലിന്റെ െ്രെഡവറിന് ഒന്നര ലക്ഷം രൂപയായിരുന്നു ശമ്പളം. ഇവ കൂടാതെ ഒന്നര ലക്ഷം രൂപ അലവന്‍സും നല്‍കി.

സുദീപ്താ സൈന്നിന്റെ കത്ത് സിബിഐ കൊല്‍ക്കത്ത പോലീസിനു കൈമാറി. ആരോപണത്തെ കുറിച്ച് നളിനി ചിദംബരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചാനല്‍ ടെന്‍ എന്ന പ്രാദേശിക ചാനല്‍ വാങ്ങുന്നതിന് 24 കോടി രൂപ ചെലവാക്കി. പ്രതിദിന്‍ എന്ന പത്രത്തിലെ കുണാല്‍ ഘോഷും ശ്രിന്‍ജോയ് ബോസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മാസം തോറും 60 ലക്ഷം രൂപ നല്‍കി.

ഇതിനു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കുണാല്‍ ഘോഷിനെ ചാനലിന്റെ സി.ഇ.ഒ.യായി മാസം 15 ലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചു. ബ്രാന്‍ഡ് അംബാസഡറായി സിനിമാ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ 20 ലക്ഷം രൂപ ശമ്പളത്തിനും നിയമിച്ചു.

എന്നാല്‍, മിഥുന്‍ ഒരു ടോക്ക് ഷോയില്‍ അല്ലാതെ മറ്റൊരു പരിപാടിയിലും പങ്കെടുത്തില്ല. പശ്ചിമബംഗാള്‍ സര്‍ക്കാറില്‍നിന്ന് തന്നെ സംരക്ഷിച്ചു കൊള്ളാമെന്ന് ഉറപ്പുനല്‍കിയിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വളരെ അടുത്ത ബന്ധമാണെന്നും അവര്‍ പറഞ്ഞു.

ശാരദാ ഗ്രൂപ്പ് ഉടമയും ബംഗാള്‍ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ സുദീപ്താ സെന്‍ ചൊവ്വാഴ്ച്ചയാണ് പോലീസ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടി വി ചാനലുകളും ദിനപത്രങ്ങളും അടച്ച് പൂട്ടിയിരുന്നു. ചിട്ടിക്കമ്പനിയായ ശാരദാ ഗ്രൂപ്പ് പൊളിഞ്ഞതോടെ ആയിരക്കണക്കിനു നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. തൃണമൂല്‍ എംപി കുനല്‍ ഘോഷായിരുന്നു കമ്പനി ചെയര്‍മാന്‍.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ കമ്പനിക്കെതിരെ രംഗത്തെത്തിയിരുന്നു. നിക്ഷേപകയായിരുന്ന ഒരു വനിത തീകൊളുത്തി കഴിഞ്ഞ ദിവസം മരിച്ചതോടെ പ്രതിഷേധങ്ങള്‍ ശക്തമായി. പ്രതിഷേധങ്ങള്‍ ശക്തായതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു.

മമതയുടെ ‘സ്വന്തം’ ചിട്ടിക്കമ്പനി: ചെയര്‍മാന്‍ അറസ്റ്റില്‍