പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് രണ്ടു നാള്‍ മാത്രം ബാക്കി നില്‍ക്കെ ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും തമ്മില്‍ വാക്‌പ്പോര് രൂക്ഷമാകുന്നു.
ബീഹാറില്‍ മുഖ്യമന്ത്രിയുടെ മൂക്കിന് കീഴെയാണ് അഴിമതി നടന്നുകൊണ്ടിരിക്കുന്നതെന്ന് ചിരാഗ് ആരോപിച്ചു. നിതീഷ് അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയായതിന്റെ പേരില്‍ ജയിലില്‍ പോകാതിരിക്കുമെന്ന് വിചാരിക്കേണ്ടതില്ലെന്നും ചിരാഗ് പറഞ്ഞു.
” കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്തുകൊണ്ട് ജയിലില്‍ പോകാതിരിക്കും? അദ്ദേഹം മുഖ്യമന്ത്രിയായതുകൊണ്ട് ജയിലില്‍ പോകില്ലേ?,”, ചിരാഗ് ചോദിച്ചു.
നിതീഷ് കുമാറിന്റെ ‘സാത് നിഷ്‌ചേ’ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ അത് അന്വേഷിച്ച് മുഖ്യമന്ത്രിയടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ജയിലിലേക്ക് അയക്കുമെന്നും ചിരാഗ് പറഞ്ഞു.
അതേസമയം, ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവും നിതീഷിനെതിരേയും എന്‍.ഡി.എക്കെതിരേയും രംഗത്തെത്തിയിരുന്നു.
ബീഹാര്‍ ദാരിദ്ര്യത്തിലാണെന്നും വിദ്യാഭ്യാസം, ജോലി, വൈദ്യസഹായം എന്നിവയ്ക്കായി ആളുകള്‍ കുടിയേറുകയാണെന്നും തേജസ്വി പറഞ്ഞിരുന്നു. ബീഹാറില്‍ നാള്‍ക്കുനാള്‍ പട്ടിണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.