മമ്മൂക്ക ചെറിയൊരു സാധനം ഇട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആ സീൻ കണ്ട് അത്ഭുതം തോന്നി: ചിന്നു ചാന്ദിനി
Entertainment
മമ്മൂക്ക ചെറിയൊരു സാധനം ഇട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആ സീൻ കണ്ട് അത്ഭുതം തോന്നി: ചിന്നു ചാന്ദിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 5:18 pm

മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ മികച്ച അഭിപ്രായവുമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വ്യത്യസ്തമായൊരു പ്രണയകഥ ചർച്ച ചെയ്യുന്ന ചിത്രം താരങ്ങളുടെ പ്രകടനങ്ങളിലൂടെയും കൈയ്യടി നേടുന്നുണ്ട്. അന്യഭാഷയിൽ നിന്നടക്കം നിരവധിപേർ ഇതിനോടകം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.

കാതലിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച താരമാണ് ചിന്നു ചാന്ദിനി. ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പറയുകയാണ് ചിന്നു.

ഷോട്ടിനു മുൻപ് ഒരുപാട് കാര്യങ്ങൾ സംസാരിച്ച് മമ്മൂട്ടി നമ്മളെ കംഫർട്ടബിൾ ആക്കുമെന്നും ആദ്യമായി കണ്ടപ്പോൾ അദ്ദേഹം സ്വയം പരിചയപ്പെടുത്തുകയാണ് ചെയ്തതെന്നും ചിന്നു പറയുന്നു. ഒരു സീനിൽ അദ്ദേഹം കണ്ണുകൊണ്ട് ഇട്ട എക്സ്പ്രഷൻ കണ്ട് അത്ഭുതപ്പെട്ടെന്നും സൈന സൗത്ത് പ്ലസിനോട് ചിന്നു പറഞ്ഞു.

 

‘മമ്മൂക്ക ഷോട്ടിനായി വരുന്നതിനു മുൻപ് എനിക്കൊരു ഭയമുണ്ടായിരുന്നു. ഡയലോഗുകൾ ഞാനായിട്ട് തെറ്റിച്ചിട്ട് മമ്മൂക്കയ്ക്ക് അതുകാരണം ഒരു ബുദ്ധിമുട്ടുണ്ടാവും, സെറ്റിൽ ആകെ പ്രശ്നമാവും എന്നൊരു ചിന്തയിലായിരുന്നു ഞാൻ ഇരുന്നത്.

മമ്മുക്ക കേറിവന്ന ഉടനെ അദ്ദേഹം ഒന്ന് സ്വയം പരിചയപ്പെടുത്തി. അപ്പോൾ തന്നെ എന്റെ പേടി പകുതിയായി കുറഞ്ഞിരുന്നു. അതിനുശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്. കാതൽ മുഴുവനായി സിംഗ് സൗണ്ടിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡയലോഗുകൾ ചെറുതായി തെറ്റിയാലും പ്രശ്നമില്ലെന്ന് പറഞ്ഞിരുന്നു. തെറ്റിയാലും സാധാരണ നമ്മൾ സംസാരിക്കുന്ന പോലെ തുടർന്നാൽ മതിയെന്ന് പറഞ്ഞു. അദ്ദേഹം നമ്മളെ വളരെ കംഫർട്ടബിൾ ആക്കും.

പിന്നീട് കുറെ പൊതുവായിട്ടുള്ള കാര്യങ്ങളെക്കുറിച്ചും സിനിമ സംസാരിക്കുന്ന വിഷയത്തെക്കുറിച്ചും എല്ലാം അദ്ദേഹം സംസാരിച്ചു. അദ്ദേഹം ഞങ്ങളെ എല്ലാവരെയും വളരെ ഓക്കെ ആക്കുകയായിരുന്നു.

പിന്നീടുള്ള ഒരു സീനിൽ എന്റെ കഥാപാത്രം ഒരു ഡയലോഗ് പറയുന്നുണ്ട്. ” ഇങ്ങനെയൊരു ഡൈവേഴ്സിൽ, ഡൊമസ്റ്റിക് വയലൻസ് ഉൾപ്പെടെ പലതും എഴുതിവെക്കേണ്ടതാണ്, എന്നാൽ ഇത്‌ സത്യമല്ലല്ലോ. അതുകൊണ്ട് കുഴപ്പമില്ലല്ലോ”, ഇതായിരുന്നു ഡയലോഗ്. ഞാൻ അത് പറയുമ്പോൾ മമ്മൂക്കയുടെ കണ്ണിന് ചെറിയൊരു പതർച്ചയുണ്ട്. നമ്മൾ സാധാരണ പോലെ അങ്ങ് നോക്കി പോകും. പക്ഷെ സീൻ കഴിഞ്ഞശേഷം മമ്മൂക്ക ഞങ്ങളോട് പറഞ്ഞത്, പിന്നീട് കാണുന്നവർക്ക് വേണ്ടിയിട്ട് ഞാനൊരു ചെറിയ സാധനം അവിടെ ഇട്ടിട്ടുണ്ടെന്നായിരുന്നു.

ഞങ്ങൾ നോക്കുമ്പോൾ അത്രയും മൈന്യൂട്ട് ആയിട്ടുള്ള എക്സ്പ്രഷനാണ്. അതൊക്കെ കാണുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോയെന്ന് നമുക്ക് തോന്നി പോവുന്നത്,’ ചിന്നു ചാന്ദിനി

Content Highlight: Chinnu Chandhini Talk About An Expression Of Mammooty In Kaathal Movie