ചൈനയ്ക്കെതിരെ ഗുരുതരാരോപണം; ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ് ചൈനീസ് കോണ്‍സുലേറ്റെന്ന് അമേരിക്ക
World News
ചൈനയ്ക്കെതിരെ ഗുരുതരാരോപണം; ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ് ചൈനീസ് കോണ്‍സുലേറ്റെന്ന് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 8:37 am

വാഷിംഗ്ടണ്‍: ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടക്കാനുള്ള മുന്നറിയിപ്പ് ചൈനയ്ക്ക് നല്‍കിയതിന് പിന്നാലെ കോണ്‍സുലേറ്റിനെതിരെ ഗുരുതരാരോപണവുമായി അമേരിക്ക.

ചൈനയുടെ കോണ്‍സുലേറ്റ് യു.എസ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങള്‍ നിയമവിരുദ്ധമായി തട്ടിയെടുക്കുന്നതിനുള്ള ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു.

ചൈന ലോകത്തിന് ഭീഷണിയുണ്ടാക്കുന്നെന്നും കാലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തില്‍ പോംപിയോ പറഞ്ഞു. ചാരവൃത്തി നടത്തുന്ന കേന്ദ്രമായതിനാലാണ് ഹ്യൂസ്റ്റണിലെ ചൈനയുടെ കോണ്‍സുലേറ്റ് അടപ്പിച്ചതെന്നും പോംപിയോ പറഞ്ഞു.
അമേരിക്കയുടെ വ്യാപാര രഹസ്യങ്ങള്‍ ചൈന ചോര്‍ത്തുന്നതായും അമേരിക്ക ആരോപിച്ചു.

പെട്ടെന്നായിരുന്നു ചൈനയോട് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള തീരുമാനം അമേരിക്ക അറിയിക്കുന്നത്. രണ്ട് ദിവസമായിരുന്നു അമേരിക്ക ചൈനയ്ക്ക് അനുവദിച്ചിരുന്ന സമയം.എന്നാല്‍ കോണ്‍സുലേറ്റ് സാധാരണ ഗതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചത്.

കോണ്‍സുലേറ്റ് അടയ്ക്കാനുള്ള അമേരിക്കയുടെ ആവശ്യത്തോട് ശക്തമായ ഭാഷയിലായിരുന്നു അന്ന് ചൈന പ്രതികരിച്ചത്.

അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച ചൈന പ്രതികാര നടപടിയിലേക്ക് നീങ്ങിയേക്കാമെന്ന സൂചന കൊടുക്കുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെയാണ് ചൈനയ്‌ക്കെതിരെ വീണ്ടും ഗുരുതരാരോപണവുമായി അമേരിക്ക രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ