ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായി രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ഓസ്‌ട്രേലിയ ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഇരു ടീമുകളുടെയും അവസാന പരമ്പരയാണിത്.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ യുവതാരം കൂപ്പര്‍ കനോലിയുള്‍പ്പടെ ഏഴ് സ്ലോ ബോള്‍ ഓപ്ഷനുമായാണ് ഓസ്‌ട്രേലിയ ശ്രീലങ്കയിലേക്ക് പറക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് തന്നെയാകും ശ്രീലങ്ക പരമ്പരയ്ക്കായി ഒരുക്കുക എന്ന കണക്കുകൂട്ടലുകള്‍ക്ക് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ നീക്കം.
പരമ്പരയില്‍ ഓസ്‌ട്രേലിയക്കായുള്ള കനോലിയുടെ അരങ്ങേറ്റത്തിന് കൂടിയാണ് വഴിയൊരുങ്ങുക. ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് ബൗളറായ കനോലി മികച്ച ബാറ്റര്‍ കൂടിയാണ്. ആഭ്യന്തര തലത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരത്തിന് നാഷണല്‍ ടീമിലേക്കുള്ള വിളിയെത്തിയത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്‌കോട് ബോളണ്ടും പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സാം കോണ്‍സ്റ്റസ്, ബ്യൂ വെബ്‌സ്റ്റര്‍, നഥാന്‍ മക്‌സ്വീനി എന്നിവരും ഈ പരമ്പരയില്‍ കങ്കാരുക്കള്‍ക്കൊപ്പമുണ്ട്.
ഏറെ നാളുകള്‍ക്ക് ശേഷം ടോഡ് മര്‍ഫിയും മാത്യു കുന്‍മാനും ബാഗി ഗ്രീന്‍ ധരിക്കുന്നു എന്ന പ്രത്യേകയതും ഈ പരമ്പരയ്ക്കുണ്ട്. 2023ലെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാഗ്പൂര്‍ ടെസ്റ്റിലാണ് ടോഡ് മര്‍ഫി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ ഏഴ് വിക്കറ്റുമായാണ് താരം തിളങ്ങിയത്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ആഷസ് പരമ്പരയിലും താരം ഇടം നേടി. 2023 ജൂലൈയില്‍ അവസാന ടെസ്റ്റ് കളിച്ച മര്‍ഫി ശേഷം ഇപ്പോഴാണ് ടെസ്റ്റ് ടീമിന്റെ ഭാഗമാകുന്നത്.
ടോഡ് മര്‍ഫി
മര്‍ഫിക്കൊപ്പം ഇതേ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മാറ്റ് കുന്‍മാന്‍. ഇന്‍ഡോര്‍ ടെസ്റ്റില്‍ ഫൈഫറുമായി തിളങ്ങിയ കുന്‍മാനും ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ബാഗി ഗ്രീന്‍ ധരിക്കാന്‍ ഒരുങ്ങുന്നത്.
മാറ്റ് കുന്‍മാന്‍
രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഓസ്‌ട്രേലിയ ശ്രീലങ്കയിലേക്ക് പറക്കുന്നത്. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് ആദ്യ മത്സരം. ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ഇതേ വേദിയില്‍ ഫെബ്രുവരി ആറിന് രണ്ടാം ടെസ്റ്റും അരങ്ങേറും.