'ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ല'; വിസ്മയ കേസിലെ പ്രതി കിരണ്‍ സുപ്രീം കോടതിയില്‍
Kerala News
'ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ല'; വിസ്മയ കേസിലെ പ്രതി കിരണ്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 9:18 am

കൊല്ലം: തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ സുപ്രീം കോടതിയില്‍. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും കിരണ്‍ പറഞ്ഞു.

വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവുകളില്ലെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. താന്‍ മാധ്യമങ്ങളുടെ ഇരയാണെന്നും കിരണ്‍ വാദിച്ചു.

വിസ്മയുടെ മരണത്തില്‍ കിരണിന് 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപയില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നായിരുന്നു വിധി.

ആത്മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവുമടക്കമുള്ള വകുപ്പുകളിലായി ഒരുമിച്ച് പത്ത് വര്‍ഷം തടവ് കിരണ്‍ അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചിരുന്നു.

പ്രസ്തുത ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കിരണ്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണയടക്കം ഒമ്പതു വകുപ്പുകളാണ് ചുമത്തിയിരുന്നത്.

2021 ജൂണ്‍ 21നായിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

നിലവില്‍ കിരണ്‍ പരോളിലാണ്. ജയില്‍ ഡി.ജി.പിയാണ് പരോള്‍ അനുവദിച്ചത്. ഉപാധികളോടെയായിരുന്നു പരോള്‍.

സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീട് സന്ദര്‍ശിക്കരുത്, മറ്റൊരു ബന്ധു വീട്ടില്‍ താമസിക്കണം, മുഴുവന്‍ സമയവും പൊലീസ് നിരീക്ഷണമുണ്ടാകും, തിരിച്ചുവിളിച്ചാല്‍ ഉടനടി ഹാജരാകണം എന്നിവയാണ് ഉപാധികള്‍. 30 ദിവസത്തെ പരോളാണ് അനുവദിച്ചത്.

Content Highlight: Vismaya case accused Kiran in Supreme Court