ഖര്‍ദാവിയുടെ മകനും അറബ് സ്പ്രിങ് നേതാവുമായ അബ്ദുള്‍ റഹ്‌മാനെ യു.എ.ഇയിലേക്ക് നാടുകടത്തുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍
World News
ഖര്‍ദാവിയുടെ മകനും അറബ് സ്പ്രിങ് നേതാവുമായ അബ്ദുള്‍ റഹ്‌മാനെ യു.എ.ഇയിലേക്ക് നാടുകടത്തുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 9:22 am

ബെയ്‌റൂട്ട്: മനുഷ്യാവകാവകാശ സംഘടനകളുടെ എതിര്‍പ്പുകള്‍ മറികടന്ന് അറബ് സ്പ്രിങ് പ്രവര്‍ത്തകനും  യൂസുഫ് അല്‍ ഖര്‍ദാവിയുടെ മകനുമായ അബ്ദുള്‍ റഹ്‌മാന്‍ യൂസഫിനെ യു.എ.ഇയിലേക്ക് നാടുകടത്താനൊരുങ്ങി ലെബനന്‍. സിറിയന്‍ പ്രസിഡന്റ ബാഷര്‍ അല്‍ അസദിന്റെ പതനം ആഘോഷിക്കാന്‍ സിറിയയില്‍ എത്തി മടങ്ങവെ ലെബനന്‍ സന്ദര്‍ശിച്ചപ്പോഴാണ്‌ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്‌.

സിറിയയില്‍, വിമതസംഘം അധികാരം പിടിച്ചതോടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അധികാരം ഉപേക്ഷിച്ച് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സിറിയയിലെ അസദ് ഭരണത്തെ എതിര്‍ത്തിരുന്ന നിരവധി ആളുകള്‍  തെരുവുകളില്‍ ആഘോഷപ്രകടനങ്ങള്‍ നടത്തിയിരുന്നു. യൂസഫും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ആഘോഷപ്രകടനങ്ങള്‍ നടത്തിയ യൂസഫ് സിറിയയില്‍ നിന്ന് മടങ്ങും വഴി ലെബനനിലെ ഉമയ്യദ് പള്ളി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സിറിയയിലെത്തിയതെന്നാണ് സൂചന. അതിന് മുമ്പ് അദ്ദേഹം കുടുംബ സമേതം തുര്‍ക്കിയില്‍ ആണ് താമസിച്ചിരുന്നത്.

അതേസമയം അറബ് രാജ്യങ്ങളുടെ വിമര്‍ശകനായ യൂസഫിനെ പ്രതികാര നടപടിയെന്നോണം യു.എ.ഇയിലേക്ക് നാടുകടത്തുന്നതിനെ ആംനസ്റ്റി ഇന്റര്‍നാഷണലടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ എതിര്‍ത്തിരുന്നു.

യു.എ.ഇയിലേക്ക് നാടുകടത്തുന്നത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാണെന്നാണ് സംഘടനകള്‍ പറയുന്നത്. അദ്ദേഹത്തിന്റെ മോചനത്തിനായി വാദിച്ച മനുഷ്യാവകാശ സംഘടനകളുടെ അപ്പീലുകള്‍ ലെബനന്‍ നിരസിച്ചു.

അസദിന്റെ പതനത്തിന് പിന്നാലെ സിറിയയിലെത്തിയ യൂസഫ് ഡമസ്‌ക്കസില്‍വെച്ച് ചില വീഡിയോകളും ചിത്രീകരിച്ചിരുന്നു. അതില്‍ ഒരു വീഡിയോയില്‍ ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ എന്നിവയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സിറിയയുടെ ഭാവി തടസപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കൂടാതെ ഈജിപ്ത്, ടുണീഷ്യ, ലിബിയ, യെമന്‍ തുടങ്ങിയ സ്വേച്ഛാധിപത്യത്തിനെതിരെ കലാപം നടത്തിയ എല്ലാ രാജ്യങ്ങളിലും വിജയം ആസന്നമാകുമെന്ന് ഉറപ്പാണെണെന്നും  യൂസഫ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ അറബി ഭാഷയിലുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ലെബനന്‍ കാബിനറ്റാണ് യൂസഫിനെ യു.എ.ഇയിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചത്. യു.എ.ഇയും ഈജിപ്തും യൂസഫിനെ വിട്ടുകിട്ടാനായി ലെബനന്‍ സര്‍ക്കാരിന് മുമ്പില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. യു.എ.ഇ, ഈജിപ്തിലെ സിസി ഭരണകൂടം, സൗദി അറേബ്യ എന്നിവയുടെ കടുത്ത വിമര്‍ശകനാണ് യൂസഫ്.

ലെബനന്‍ കാബിനറ്റ് ഈ തീരുമാനം എടുക്കുന്നതിന് തെട്ടുമുമ്പ് വരെ കൈമാറ്റം അനുവദിക്കരുതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലെബനന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

‘അധികാരികളെ വിമര്‍ശിക്കുന്നത് കുറ്റകരമല്ല. അദ്ദേഹം പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു രാജ്യത്തേക്ക് അദ്ദേഹത്തെ നിര്‍ബന്ധിതമായി കൈമാറുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്,’ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ സാറ ഹഷാഷ് പ്രസ്താവനയില്‍ പറഞ്ഞു.

മുസ്‌ലിം ബ്രദര്‍ഹുഡ് ആത്മീയ നേതാവ് യൂസുഫ് അല്‍ ഖര്‍ദാവിയുടെ മകനാണ് അബ്ദുള്‍ റഹ്‌മാന്‍ യൂസഫ്. ഖര്‍ദാവിയും അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെയും സൗദി ഭരണാധികാരികളെയും നിരന്തരമായി വിമര്‍ശിച്ചിരുന്നു.

ഖര്‍ദാവിയെ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നെങ്കിലും അദ്ദേഹം ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയതോടെ ഈജിപ്ഷ്യന്‍ അധികാരികള്‍ക്ക് പിടികൂടാനായില്ല. അറബ് രാജ്യങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 2022ല്‍ അര്‍ബുദം ബാധിച്ച് തന്റെ 96ാം വയസിലാണ് ഖര്‍ദാവി മരിക്കുന്നത്.

Content Highlight: Lebanon to deport Abdul Rahman Yusuf al-Qaradawi who celebrated Assad’s fall to UAE