ബെംഗളൂരു: മലയാളി വനിതയുള്‍പ്പടെ ആറ് മാവോയിസ്റ്റ് നേതാക്കള്‍ കര്‍ണാടകയില്‍ കീഴടങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഭരണഘടനയും റോസാപൂക്കളും നല്‍കി മുഖ്യമന്ത്രി ഇവരെ സ്വീകരിച്ചു. സായുധപോരാട്ടം അവസാനിപ്പിച്ച് ജനാധിപത്യ രീതിയില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുമെന്ന് കീഴടങ്ങിയവര്‍ പറഞ്ഞു. സിറ്റിസണ്‍ ഇനീഷ്യേറ്റീവ് ഫോര്‍ പീസ് എന്ന സംഘടനയുടെ മധ്യസ്ഥതയിലാണ് ഇവര്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ കീഴങ്ങിയത്.
മലയാളിയായ വയനാട് മക്കിമല സ്വദേശി ജിഷ, കര്‍ണാടക സ്വദേശികളായ മുണ്ട്ഗാരു ലത, മാരപ്പെ അരോട്ടി എന്ന ജയണ്ണ, വനജാക്ഷി, സുന്ദരി, തമിഴ്‌നാട് സ്വദേശി കെ. വസന്തന്‍ എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങിയവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നണ്ട്.
എന്നാല്‍ ഈ കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം കീഴടങ്ങിയവര്‍ക്ക് എല്ലാ നിയമസഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരമായ്യ ഉറപ്പുനല്‍കി. ഇതിനായി കേരളം, തമിഴ്‌നാട് സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
2024 നവംബറില്‍ ഉഡുപ്പിയില്‍ വെച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വിക്രം ഗൗഡയോടൊപ്പമുണ്ടായിരുന്നവരാണ് കീഴടങ്ങിയവരില്‍ ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍. ഇവര്‍ മൂന്ന് പേരും കീഴടങ്ങിയതോടെ കര്‍ണാടകയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം ഏതാണ്ട് അവസാനിച്ചതായാണ് കര്‍ണാടക സര്‍ക്കാറിന്റെ വിലയിരുത്തല്‍.
2018ല്‍ മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്ന മലയാളിയായ ജിഷക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 18 കേസുകളാണ് നിലവിലുള്ളത്. ലതക്കെതിരെ 85ഉം, ജയണ്ണക്കെതിരെ 50ഉം, വനജാക്ഷിക്കെതിരെ 25ഉം, സുന്ദരിക്കെതിരെ 71ഉം, വസന്തനെതിരെ ഒന്‍പത് കേസുകളും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിലവിലുണ്ട്.
സായുധപോരാട്ടാം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് വരികയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കീഴടങ്ങിയവര്‍ നേരത്തെ തന്നെ വീഡിയോ സന്ദേശം നല്‍കിയിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്‌കൊണ്ടാണ് മുഖ്യധാരയിലേക്ക് മടങ്ങിയെത്തുന്നത് എന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
കര്‍ണാടകയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കീഴടങ്ങിയവരെ സ്വീകരിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആഭ്യന്ത്ര മന്ത്രി ഡോ. ജി പരമേശ്വര എന്നിവരും കീഴടങ്ങാനെത്തിയ മാവോയിസ്റ്റുകളെ സ്വീകരിച്ചു. കീഴടങ്ങിയവരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷം മറ്റു നടപടികളിലേക്ക് പ്രവേശിക്കും.
content highlights: Six Maoist leaders, including a Malayali, surrendered in Karnataka