ന്യൂദല്‍ഹി: ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ യു.എ.പി.എ കേസില്‍ പൊലീസിനോട് ചോദ്യമുയര്‍ത്തി ദല്‍ഹി ഹൈക്കോടതി. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു എന്നത് യു.എ.പി.എ ചുമത്താന്‍ പര്യാപ്തമാണോ എന്ന് കോടതി ചോദിച്ചു.
വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ജസ്റ്റിസുമാരായ നവീന്‍ ചൗള, ശാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ പരിഗണിച്ചത്.
പ്രതിഷേധം കലാപത്തില്‍ കലാശിച്ചുവെന്ന് കരുതി യു.എ.പി.എ ചുമത്താന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. കോടതിയെ സംബന്ധിച്ച് യു.എ.പി.എയുടെ ലക്ഷ്യമാണ് പ്രധാനമെന്നും ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത എസ്.പി.പി അമിത് പ്രസാദിനോടായിരുന്നു കോടതിയുടെ ഭൂരിഭാഗം ചോദ്യങ്ങളും.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ചെയ്താല്‍ കേസെടുക്കാം. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പൊലീസിന്റെ വാദം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പ്രതിഷേധിച്ചുവെന്നാണ്. ഈ പശ്ചാത്തലത്തില്‍ പൊലീസിന്റെ വാദം എത്രത്തോളം ശരിയാണെന്നും കോടതി ചോദിച്ചു.
കേസില്‍ പ്രതികളല്ലാത്ത രണ്ട് വ്യക്തികളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളെ കുറിച്ചുള്ള എസ്.പി.പിയുടെ പരാമര്‍ശത്തെയും കോടതി ചോദ്യം ചെയ്തു. ഷഹീന്‍ ബാഗില്‍ നടന്നത് ജൈവികമായ നടപടികളല്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അമിത് പ്രസാദ് കോടതിയില്‍ വാദിച്ചു.
ഡിസംബര്‍ 18ന് ദല്‍ഹി സിറ്റി കോടതി കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉമര്‍ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് വരെയായായിരുന്നു ജാമ്യത്തിന്റെ കാലാവധി.
2022 ഒക്ടോബറില്‍ ദല്‍ഹി ഹൈക്കോടതി ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിന്നീട് തന്റെ പ്രത്യേക അവധി ഹരജി (SLP) അദ്ദേഹം പിന്‍വലിക്കുകയായിരുന്നു.
ഈ വര്‍ഷം ആദ്യം, വിചാരണ കോടതി അദ്ദേഹത്തിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. രണ്ടാം ജാമ്യാപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്ത് അദ്ദേഹം നല്‍കിയ അപ്പീലാണ് ദല്‍ഹി ഹൈക്കോടതിയുടെ പരിഗണയിലുള്ളത്.
Content Highlight: Delhi High Court questioned the police in the UAPA case against Umar Khalid and others