മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന നടനാണ് ശ്രീധര്‍. സിനിമയില്‍ രാമനാഥന്‍ എന്ന മഹാദേവനായാണ് നടന്‍ അഭിനയിച്ചത്. കന്നഡ സിനിമകളില്‍ അഭിനയിക്കുന്ന നടനും ഒരു മികച്ച നര്‍ത്തകനുമാണ് ശ്രീധര്‍.
മണിച്ചിത്രത്താഴിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീധര്‍. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പുതന്നെ താന്‍ കന്നഡയില്‍ വലിയ സംവിധായകരോടൊപ്പം സിനിമ ചെയ്തിട്ടുള്ള അറിയപ്പെടുന്ന നടനായിരുന്നു എന്ന് ശ്രീധര്‍ പറഞ്ഞു. സംവിധായകന്‍ ഫാസില്‍ മണിച്ചിത്രത്താഴിലേക്ക് മെയില്‍ ഡാന്‍സറെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ നടി ശോഭനയാണ് തന്റെ പേര് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസില്‍ എന്ന സംവിധായകന്‍ വളരെ ക്ലാസിക് ആയ ഡയറക്ടര്‍ ആണെന്നും അതുകൊണ്ടുതന്നെ തനിക്കെല്ലാം അദ്ദേഹത്തെ അറിയാമായിരുന്നു എന്നും ശ്രീധര്‍ പറഞ്ഞു. മണിച്ചിത്രത്താഴിന്റെ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളത്തിലെ മികച്ച അഭിനേതാക്കള്‍ ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധര്‍.
‘മണിച്ചിത്രത്താഴില്‍ അഭിനയിക്കുന്നതിന് മുമ്പുതന്നെ ഞാന്‍ കന്നഡയില്‍ അറിയപ്പെടുന്ന ഒരു അഭിനേതാവായിരുന്നു. ഒരുപാട് വലിയ സംവിധായകരോടൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. ഫാസില്‍ സാര്‍ സിനിമയിലേക്ക് ഒരു മെയില്‍ ഡാന്‍സറിനെ അന്വേഷിക്കുണ്ടെന്നറിഞ്ഞപ്പോള്‍ ശോഭന മാം ആണ് എന്റെ പേര് പറഞ്ഞത്.
അതിനുമുമ്പ് ഞങ്ങള്‍ രണ്ടുപേരും കൂടെ ഒരു തമിഴ് സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടായിരുന്നു. ശോഭന അല്ലാതെ ഒരു വലിയ ഡാന്‍സ് ഗുരുവും എന്റെ പേര് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഫാസില്‍ സാര്‍ എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിക്കുന്നത്. ആ സമയത്ത് ഫാസില്‍ സാര്‍ വളരെ വലിയ സംവിധായകനായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. ക്ലാസിക് സംവിധായകനല്ലേ അദ്ദേഹം.
‘ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അതില്‍ ഒരു മെയില്‍ ഡാന്‍സറുടെ റോളുണ്ട്. വന്ന് അഭിനയിക്കാമോ’ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ വളരെ സന്തോഷത്തോടെ ഞാന്‍ ആ സിനിമ ചെയ്യാന്‍വേണ്ടി കേരളത്തിലേക്ക് വന്നു. ആ സിനിമയുടെ സെറ്റില്‍ എത്തിയ ആദ്യ ദിവസം മുതല്‍ ഞാന്‍ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളെയാണ് കണ്ടുകൊണ്ടിരുന്നത്,’ ശ്രീധര്‍ പറഞ്ഞു.