മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി 2007ല്‍ റിലീസായ ചിത്രമാണ് കഥ പറയുമ്പോള്‍. ബാര്‍ബര്‍ ബാലനും സൂപ്പര്‍സ്റ്റാര്‍ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. മമ്മൂട്ടിയുടെ ഗംഭീര പെര്‍ഫോമന്‍സായിരുന്നു അവസാന 20 മിനിറ്റില്‍ കാണാന്‍ സാധിച്ചത്. ചിത്രം പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.
കഥ പറയുമ്പോളിന്റെ ഫസ്റ്റ് കട്ട് കണ്ടപ്പോൾ സിനിമ പരാജയപ്പെടുമെന്ന് താൻ അച്ഛനോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.
എന്നാൽ പടം സൂപ്പർഹിറ്റാകുമെന്നാണ് അച്ഛൻ പറഞ്ഞതെന്നും അത് കേട്ടപ്പോൾ അദ്ദേഹത്തിന് സ്ഥിരബുദ്ധി കൊടുക്കണേയെന്ന് താൻ പ്രാർത്ഥിച്ചെന്നും ധ്യാൻ പറയുന്നു. സിനിമ വലിയ വിജയമായപ്പോഴാണ് അച്ഛന്റെ റേയ്ഞ്ചറിഞ്ഞതെന്നും പിന്നീട് താൻ എഴുതാൻ തുടങ്ങിയപ്പോൾ അത് കൂടുതൽ മനസിലായെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
‘കഥ പറയുമ്പോളിൻ്റെ റിലീസിനു മുമ്പ് ആ സിനിമയുടെ ഫസ്‌റ്റ് കട്ട് കോപ്പിയുടെ സി.ഡി അച്ഛൻ വീട്ടിൽ കൊണ്ടുവന്നു. ഡബ്ബിങ്ങിനു മുൻപുള്ള ആ സി.ഡി രഹസ്യമായി ഞാൻ കണ്ടു. പിന്നെ, അച്ഛനൊപ്പവും. എങ്ങനെയുണ്ട്, പടം ഓടുമോ? അച്‌ഛൻ ചോദിച്ചു. അച്‌ഛൻ ഓടും, സിനിമ ഓടില്ലായെന്ന് ഞാൻ മറുപടി പറഞ്ഞു. ഈ സിനിമ സൂപ്പർഹിറ്റാകും, ഒരു കുലുക്കമില്ലാതെ അച്ഛൻ ഉറപ്പിച്ചു പറഞ്ഞു.
എൻ്റെ അച്ഛന് എന്തുപറ്റിയെന്ന് ആലോചിച്ച് അന്നുരാത്രി ഞാൻ ഉറങ്ങിയില്ല. അച്ഛന് സ്‌ഥിര ബുദ്ധി കൊടുക്കണേയെന്നുവരെ ഞാൻ പ്രാർത്ഥിച്ചു. സിനിമ ഫസ്‌റ്റ് ഷോ ഞാനും കുട്ടുകാരും കൂടി തിയേറ്ററിൽ പോയാണു കണ്ടത്. ക്ലൈമാക്സ് സീനിൽ ഞാൻ കരഞ്ഞു. ഞാൻ മാത്രമല്ല തിയേറ്റർ മുഴുവൻ കണ്ണുതുടയ്ക്കുന്നു.
വീട്ടിലെത്തിയപ്പോൾ അച്ഛൻ വീണ്ടും ചോദിച്ചു, സിനിമ ഓടുമോ? ഞാൻ പറഞ്ഞു, സൂപ്പർ ഹിറ്റായി ഓടും. അതു കേട്ട് അച്ഛൻ ചിരിച്ചു. എന്നിട്ടു പറഞ്ഞു,
ഞാൻ മനസറിഞ്ഞ് എഴുതിയത് അവസാനത്തെ ഒരു സീനാണ്. ആ സീൻ മാത്രം മതി ആ സിനിമയ്ക്ക്.
അതിനു മുമ്പുള്ളതൊന്നും പ്രശ്‌നമേയല്ല. അതിനുശേഷം ഇന്നേ വരെ അച്ഛന് സ്‌ഥിരബുദ്ധി കൊടുക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടില്ല.
അച്ഛൻ വേറൊരു റെയ്ഞ്ചിൽ നിൽക്കുന്ന ആളെന്ന് പിന്നീടു തോന്നിയിട്ടുണ്ട്. ഞാനൊക്കെ ഒരു സീൻ എഴുതാനിരിക്കുമ്പോഴാണ് അത് കൂടുതൽ മനസിലാകുന്നത്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Content Highlight: Dhyan Sreenivasan About Successes Of Kadha paryumbol Movie