കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ .സുധാകരന്‍ എം.പി വിവാദ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.
പിണറായി വിജയന്‍ ആരാ… എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ…ചെത്തുകാരന്റെ കുടുംബമാണ്.
ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ക്ക് അഭിമാനമാണോ.. അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവനയെ തള്ളി ഇപ്പോള്‍ ചെന്നിത്തല രംഗത്തെത്തിയത്.
പിണറായി വിജയനെതിരായ കെ. സുധാകരന്‍ എം.പിയുടെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുധാകരന്റെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞത്.
‘തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണ്. പരാമര്‍ശം പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണം’, ഷാനിമോള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക