നിസഹായം, ശാന്തം, വന്യം; പ്രേക്ഷകരെ അസ്വസ്ഥരാക്കിയ ഷാഹി കബീറിന്റെ പൊലീസ് നായകന്മാര്‍
Film News
നിസഹായം, ശാന്തം, വന്യം; പ്രേക്ഷകരെ അസ്വസ്ഥരാക്കിയ ഷാഹി കബീറിന്റെ പൊലീസ് നായകന്മാര്‍
അമൃത ടി. സുരേഷ്
Sunday, 17th July 2022, 9:37 pm

മാസ് ഡയലോഗുകള്‍ പറയുന്ന, നല്ല ജീവിത ചുറ്റുപാടുകളുള്ള എസ്.ഐ, കമ്മീഷണര്‍, ഐ.ജി, ഐ.എ.എസ് റാങ്കുള്ള പൊലീസുകാര്‍, ഇതാണ് മലയാള സിനിമയില്‍ അധികവും കണ്ടുശീലിച്ചിട്ടുള്ള പൊലീസ് നായകന്മാര്‍. ഇതിന് ഒരു അപവാദമായിട്ടാണ് ഷാഹി കബീറിന്റെ പൊലീസുകാര്‍ രംഗപ്രവേശം ചെയ്തത്.

പൊലീസ് സേനയുടെ അടിത്തട്ടിലുള്ള, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങളും ശാസനകളും ഏല്‍ക്കേണ്ടി വരുന്ന ഏറ്റവും സാധാരണക്കാരായ പൊലീസുകാരായിരുന്നു ഷാഹി കബീറിന്റെ തിരക്കഥകളിലെ നായകര്‍. അവര്‍ നേരിടേണ്ടി വരുന്ന നിസാഹായവസ്ഥകള്‍ പലപ്പോഴും പ്രേക്ഷകരെ അസ്വസ്ഥരാക്കി.

യൂണിഫോമിലെ പരുക്കന്‍ മുഖങ്ങള്‍ക്കപ്പുറമുള്ള അവരുടെ വ്യക്തി ജീവിതങ്ങള്‍ നമ്മില്‍ സഹാനുഭൂതി ഉണ്ടാക്കി. ജോസഫിലെ ജോസഫിന്റെ ഔദ്യോഗിക ജീവിതം അയാളുടെ കുടുംബജീവിതത്തെയും ബാധിച്ചപ്പോള്‍ ചിത്രത്തിലെ പല രംഗങ്ങളും സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നിരിക്കാം.

 

നായാട്ടിലേക്ക് എത്തുമ്പോഴും ഒരിക്കലും ഒരു മനുഷ്യരുടെയും ജീവിതത്തില്‍ സംഭവിക്കരുതേ എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലാണ് മണിയന്റെയും സുനിതയുടെയും പ്രവീണിന്റെയും ജീവിതം പോകുന്നത്.

ആദ്യമായി സംവിധായകനായപ്പോഴും പൊലീസ് കഥ തന്നെയാണ് ഷാഹി തെരഞ്ഞെടുത്തത്. ഇലവീഴാപൂഞ്ചിറയും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലഭിച്ച ചുറ്റുപാടില്‍ നിസഹായരായി നില്‍ക്കുന്ന പൊലീസുകാരെയാണ് കാണിക്കുന്നത്. സാധാരണ മനുഷ്യജീവിതത്തില്‍ നിന്നും വ്യത്യസ്തമായി, മനുഷ്യവാസമില്ലാത്ത അത്യാവശത്തിന് വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത ഇലവീഴാപൂഞ്ചിറ എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍.

ഔദ്യോഗിക ജീവിതത്തിനിടയില്‍ കുടുംബജീവിതം താളം തെറ്റിയവര്‍, വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ട് ജീവിതം ചോദ്യചിഹ്നമായവര്‍, പ്രതീക്ഷയറ്റവര്‍, അവരിലൂടെയാണ് ഇലവീഴാപൂഞ്ചിറയും കടന്നുപോകുന്നത്. ചിരിയില്‍ പോലും വിഷാദമുള്ളവനായിരുന്നു ഇലവീഴാപൂഞ്ചിറയിലെ പൊലീസുകാരനായ മധു.

 

ചിത്രത്തില്‍ മുഴുവന്‍ അയാള്‍ തകര്‍ന്ന മനസുമായാണ് നടക്കുന്നത്. പൂഞ്ചിറയിലെ കാലാവസ്ഥ പോലെ ശാന്തനാണയാള്‍. പുറത്ത് കാണുന്നവര്‍ക്ക് ഒരു പാവത്താന്‍. എന്നാല്‍ അപ്രതീക്ഷിത നേരത്ത് പ്രക്ഷുബ്ധമാവുന്ന പൂഞ്ചിറയിലെ കാലാവസ്ഥ പോലെ മധുവിന്റെ മനസും പ്രക്ഷുബ്ധമായിരുന്നു. വന്യമായ പ്രതികാരത്തിലൂടെ അതിന് ശമനമിടുന്നുണ്ടെങ്കിലും ഷാഹിയുടെ മറ്റ് നായകന്മാരെ പോലെ ഒരു പ്രതീക്ഷയുമില്ലാത്ത ജീവിതത്തിലേക്കാണ് അയാള്‍ കുന്നിറങ്ങി നടന്നു പോകുന്നത്.

Content Highlight: characterstics of police heros in shahi kabeer movies

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.