ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാർ പരാജയപ്പെടുമെന്ന ആശങ്ക ഗോദി മീഡിയയിലേക്കും പടരുന്നു. മോദി സർക്കാരിനെ അകമഴിഞ്ഞ് പിന്തുണച്ചിരുന്ന ഗോദി മീഡിയകൾ പതിയെ കൂറുമാറുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പിനിടെ കാണുന്നുണ്ട്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സീ ന്യൂസിൽ ഉണ്ടായ മാറ്റം. ഒന്നാം മോദി സർക്കാർ നിലവിൽ വന്നതോട് കൂടി പൂർണ്ണമായും സംഘപരിവാർ ചാനലായി മാറിയ സീ ന്യൂസ് ഇപ്പോൾ മോദിസർക്കാരിനെയും ആശയങ്ങളെയും പതിയെ കൈയ്യൊഴിയുകയാണ്. ഗോദി മീഡിയയുടെ തലതൊട്ടപ്പനായ സീ ന്യൂസിന്റെ തലവൻ സുഭാഷ് ചന്ദ്ര വലിയ മാറ്റമാണ് തന്റെ ചാനലിൽ കൊണ്ടുവന്നിരിക്കുന്നത്.
മോദിയെയും സീ ന്യൂസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയെന്നറിയപ്പെടുന്ന സീ ന്യൂസ് ചാനൽ സി.ഇ.ഒ അഭയ് ഓജയെ പുറത്താക്കിയിരിക്കികയാണ് സുഭാഷ് ചന്ദ്ര.
അതോടൊപ്പം പരസ്യമായി ബി.ജെ.പി ബന്ധം നിലനിർത്തിയിരുന്ന സീ ന്യൂസിന്റെ കൺസൾട്ടിങ് എഡിറ്റർ സുഭാഷ് ഭണ്ടാരിയും ഇപ്പോൾ പുറത്താണ്. സീ ന്യൂസിന്റെ പ്രധാന അവതാരകനായിരുന്നു സുഭാഷ് ഭണ്ടാരി. മറ്റൊരു ബി.ജെ.പി അനുകൂല മാധ്യമ പ്രവർത്തകനായ ദീപക് ചൗരസ്യ കഴിഞ്ഞ മാസം ചാനൽ വിട്ടിരുന്നു.
മോദിയുടെയോ അമിത് ഷായുടെയോ യോഗി ആദിത്യനാഥിന്റെയോ തെരഞ്ഞെടുപ്പ് പരിപാടികൾ തത്സമയ പ്രക്ഷേപണം ചെയ്യേണ്ടതില്ലെന്ന തീരുമാനവും സുഭാഷ് ചന്ദ്ര എടുത്തിട്ടുണ്ട്.
മോദിയുടെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചോ വർഗീയതയെക്കുറിച്ചോ സംസാരിക്കാൻ മടിക്കുന്ന ആജ് തക് ഈ അടുത്ത് മോദി നടത്തിയ വർഗീയ പ്രസംഗത്തിന്റെ ഫാക്ട് ചെക്കിങ് നടത്തി എന്നതും കൗതുകകരമാണ്. മോദിയുടെ വിവാദപരമായ മംഗൽസൂത്ര പരാമർശത്തിന്റെ ഫാക്ട് ചെക്കിങ് ആണ് ആജ് തക് നടത്തിയത്.
അതിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ ഫാക്ട് ചെക്കിങ് നടത്തിയത് ഗോഡി മീഡിയയുടെ ഉറ്റ തോഴനായ സുധീർ ചൗധരി ആണെന്നതാണ്. എക്സിറ്റ് പോൾ റിസൾട്ടുകൾ വന്നതിനു പിന്നാലെയാണ് ഈ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
ഗാൽഖോടിയ യൂണിവേഴ്സിറ്റിയിൽ കോൺഗ്രസിനെതിരായി വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. എന്നാൽ ഈ സമരം പൊള്ളത്തരങ്ങൾ നിറഞ്ഞതാണെന്നും മുഖമൂടി അഴിച്ചുകളയാൻ ആജ് തക് മുന്നോട്ട് വന്നതും മാറ്റത്തിന്റെ വലിയൊരു മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾക്കൊന്നും തന്നെ യാതൊരു പ്രാധാന്യവും നൽകാതിരുന്ന ആജ് തക്, എ. ബി.പി ന്യൂസ് തുടങ്ങിയ ചാനലുകൾ തങ്ങളുടെ സംപ്രേഷണത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഇപ്പോൾ കൊടുക്കുന്ന പ്രാധാന്യം മോദിയുഗത്തിന്റെ അവസാനമെടുത്തെന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.