മഞ്ഞുമ്മലിലെ സെറ്റിന് ഒറിജിനാലിറ്റി കൊണ്ടുവരാന്‍ അജയേട്ടന്‍ പഴുതാരയെയൊക്കെ പിടിച്ചിട്ടിട്ടുണ്ടായിരുന്നു: ചന്തു സലിംകുമാര്‍
Entertainment
മഞ്ഞുമ്മലിലെ സെറ്റിന് ഒറിജിനാലിറ്റി കൊണ്ടുവരാന്‍ അജയേട്ടന്‍ പഴുതാരയെയൊക്കെ പിടിച്ചിട്ടിട്ടുണ്ടായിരുന്നു: ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 6:05 pm

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ ഗുണാ കേവ് സെറ്റിട്ടതിന്റെ അുഭവം പറയുകയാണ് ചന്തു സലിംകുമാര്‍. ആദ്യദിവസം സെറ്റ് കണ്ടപ്പോള്‍ അന്തംവിട്ടുപോയെന്നും, സെറ്റിന് ഒറിജിനാലിറ്റി കൊണ്ടുവരാന്‍ അജയന്‍ ചാലിശ്ശേരി പഴുതാരയെയൊക്കെ പിടിച്ച് ഇട്ടിട്ടുണ്ടെന്നും ജിഞ്ചര്‍ മീഡയക്ക് നല്‍കിയ അഭിമുഖത്തില്‍ ചന്തു പറഞ്ഞു. അജയന്‍ ചാലിശ്ശേരിയുടെ സെറ്റ് വര്‍ക്ക് കണ്ട് എന്തായിരുന്നു തോന്നിയതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ചെറിയ ഡീറ്റെയിലിങ് പോലും ശ്രദ്ധിക്കുന്ന ആളാണ് അജയേട്ടന്‍. അതിന് ഒരു എക്‌സാമ്പിള്‍ഡ എന്താണെന്ന് വെച്ചാല്‍, ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഫസ്റ്റ് ഡേ ഷൂട്ടിന് പോവുകയാണ്. സെറ്റൊക്കെ കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ്. എന്താണ് ചെയ്തുവെച്ചേക്കുന്നത് എന്നയിരുന്നു മനസില്‍. ഞാന്‍ താഴെയൊക്കെ നോക്കിയപ്പോള്‍ ഒരു പഴുതാരയൊക്കെ പോവുന്നത് കണ്ടു.

അത്രയ്ക്ക് അറേഞ്ചാക്കി വെച്ചിരിക്കുകയാണ് പുള്ളി. കാരണം, ഇത് സെറ്റാണെന്ന് നമുക്ക് തോന്നാന്‍ പാടില്ല. ഷൈജുക്കയും അതിന് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. പുള്ളി ആ സമയത്തിന് ചേരുന്ന രീതിക്കായിരുന്നു ലൈറ്റ് അറേഞ്ച് ചെയ്ത് വെച്ചത്. മുകളിലേക്ക് നോക്കിയാലെ നമുക്ക് ലൈറ്റ് കാണാന്‍ പറ്റുള്ളൂ. താഴേക്ക് നോക്കിയാല്‍ കറക്ട് ഗുണാ കേവ് ആണെന്ന് തോന്നിപ്പോകും സമയം മാറുന്നതിനനുസരിച്ച് ലൈറ്റ് ചെയ്ഞ്ചാകുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നമുക്ക് തന്നെ കണ്‍ഫ്യൂഷനായിത്തുടങ്ങി. ഏതാണ് ഒറിജിനല്‍ എന്ന് ചിന്തിച്ചിട്ട്,’ ചന്തു പറഞ്ഞു.

Content Highlight: Chandhu Salimkumar about the set of Manjummel Boys