ഒടുവില്‍ തീരുമാനം; ഇന്ത്യ പാകിസ്ഥാനിലേക്കില്ല, ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക ഇവിടെ
Sports News
ഒടുവില്‍ തീരുമാനം; ഇന്ത്യ പാകിസ്ഥാനിലേക്കില്ല, ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക ഇവിടെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th November 2024, 3:03 pm

2025 ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് സഞ്ചരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ ഇക്കാര്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരങ്ങള്‍ കളിക്കാത്തത്. തങ്ങളുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

2023 ഏഷ്യാ കപ്പ് പോലെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ടൂര്‍ണമെന്റിന്റെ ആതിഥേയത്വം ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വഹിക്കുകയും എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തുകയും വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരങ്ങള്‍ കളിക്കണമെന്ന് പി.സി.ബി ആവശ്യപ്പെട്ടിരുന്നു. ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ താരങ്ങളും ഇതേ ആവശ്യം ഇന്ത്യക്ക് മുമ്പില്‍ വെച്ചിരുന്നു. ഇന്ത്യയുടെ സൗകര്യാര്‍ത്ഥം മത്സരങ്ങള്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ച് നടത്താമെന്നും പി.സി.ബി വ്യക്തമാക്കി.

ഇതുപ്രകാരം ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ ഡ്രാഫ്റ്റ് ഐ.സി.സി പുറത്തുവിടുകയും ചെയ്തിരുന്നു. ഈ ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

പാകിസ്ഥാനിലെത്തി കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ബന്ധത്തിന് പിന്നാലെയാണ് പി.സി.ബി ഒടുവില്‍ ഇത്തരമൊരു നിര്‍ദേശവും ബി.സി.സി.ഐക്ക് മുമ്പില്‍ വെച്ചത്. എന്നാല്‍ ഇതിനോടും പ്രതികൂല നിലപാടാണ് അപെക്‌സ് ബോര്‍ഡ് സ്വീകരിച്ചത്.

രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.

ചാമ്പ്യന്‍സ് ട്രോഫി 2025

ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവുക.

പങ്കെടുക്കുന്ന ടീമുകള്‍

ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്

ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

ബംഗ്ലാദേശ്

ഇന്ത്യ

ന്യൂസിലാന്‍ഡ്

പാകിസ്ഥാന്‍

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ഓസ്‌ട്രേലിയ

ഇംഗ്ലണ്ട്

സൗത്ത് ആഫ്രിക്ക

 

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് രണ്ട് വരെ

നോക്ക് ഔട്ട് മത്സരങ്ങള്‍

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

 

 

Content Highlight: Champions Trophy 2025: India will not travel to Pakistan