ശ്രീലങ്ക വുമണ്‍സും-സൗത്ത് ആഫ്രിക്ക വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്ക് ആറ് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം. സെന്‍വെസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലങ്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 44.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ക്യാപ്റ്റന്‍ ചമാരിയുടെ വെടികെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ലങ്ക ജയിച്ചു കയറിയത്. 139 പന്തില്‍ പുറത്താവാതെ 195 റണ്‍സ് നേടികൊണ്ടായിരുന്നു ചമാരിയുടെ തകര്‍പ്പന്‍ പ്രകടനം. 26 ഫോറുകളും അഞ്ച് സിക്സുകളുമാണ് ലങ്കന്‍ ക്യാപ്റ്റന്‍ നേടിയത്.
ഇതോടെ ഒരു തകര്‍രപ്പന്‍ റെക്കോഡും താരം സ്വന്തമാക്കുകയാണ്. ഏകദിന വുമണ്‍സ് ക്രിക്കറ്റില്‍ ചെയ്‌സിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം എന്ന നേട്ടമാണ് ചമാരി സ്വന്തമാക്കിയത്.
ചമാരിക്ക് പുറമേ നികാശി ഡി സില്‍വ 71 പന്തില്‍ പുറത്താവാതെ 50 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട്ട് 147 പന്തില്‍ പുറത്താവാതെ 184 നേടി മിന്നും പ്രകടനമാണ് നടത്തിയത്. 23 ഫോറുകളും നാല് സിക്സുകളും ആണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. മാരിസാനെ കാപ്പ് 34 പന്തില്‍ 36 റണ്‍സും നാദിനെ ഡി ക്ലര്‍ക്ക് 48 പന്തില്‍ 35 റണ്‍സും ലാറ ഗുടാള്‍ 55 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.