ഞാന്‍ ചെന്നപ്പോള്‍ പുള്ളി നന്ദനം ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്; കുമ്പിടിയെ ഓര്‍മയുണ്ടോ, എന്ന് ഞാന്‍ ചോദിച്ചു, ഉവ്വെന്ന് തലയാട്ടി: ജഗതിയുമായുള്ള അടുപ്പത്തെക്കുറിച്ച് എസ്.എന്‍. സ്വാമി
Entertainment news
ഞാന്‍ ചെന്നപ്പോള്‍ പുള്ളി നന്ദനം ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്; കുമ്പിടിയെ ഓര്‍മയുണ്ടോ, എന്ന് ഞാന്‍ ചോദിച്ചു, ഉവ്വെന്ന് തലയാട്ടി: ജഗതിയുമായുള്ള അടുപ്പത്തെക്കുറിച്ച് എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th May 2022, 5:46 pm

നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് കൊണ്ടും മലയാളത്തിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന നിലയിലും റിലീസിന് മുന്നെ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് സി.ബി.ഐ 5 ദ ബ്രെയിന്‍.

ജഗതി ശ്രീകുമാറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചും സി.ബി.ഐ അഞ്ചില്‍ അഭിനയിക്കുന്നതിന് വേണ്ടി ജഗതി എത്തിയപ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ജഗതിയുമായി ഒരുപാട് അടുപ്പമുള്ളയാളാണ് ഞാന്‍. ഞങ്ങളെല്ലാം അമ്പിളി എന്നാണ് വിളിക്കുന്നത്.

അദ്ദേഹം സി.ബി.ഐയുടെ ഷൂട്ടിന് വേണ്ടി തലേദിവസം തന്നെ വന്നിരുന്നു. ഞാന്‍ വൈകീട്ട് കാണാന്‍ ചെന്നു. എന്റെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആര്‍ടിസ്റ്റാണ് ജഗതി. ജഗതി ഇല്ലാത്തൊരു സിനിമ എനിക്ക് മിക്കവാറും ഇല്ലായിരുന്നു.

ഞാന്‍ ചെന്നിട്ട് അമ്പിളീ, എന്ന് വിളിച്ചു. അപ്പോള്‍ പുള്ളി ഇടതുകൈ തന്നു, ഷേക്ക്ഹാന്‍ഡിന്. ഞാന്‍ കൈ വെച്ചു. അതുകഴിഞ്ഞ് എന്നെ മനസിലായോ എന്ന് ചോദിച്ചപ്പോള്‍ പുള്ളിയുടെ റിയാക്ഷന്‍ കണ്ടപ്പോള്‍ തോന്നി, എന്നെ മനസിലായിട്ടില്ല എന്ന്.

ഞാന്‍ എസ്.എന്‍. സ്വാമിയാണ് എന്ന് പറഞ്ഞപ്പോള്‍ ഉടനെ ഹാ, എന്ന് പറഞ്ഞപ്പോള്‍ ഉടനെ വലതുകൈ തന്നു. അപ്പൊ എനിക്ക് മനസിലായി ഇദ്ദേഹത്തിന് വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഓര്‍മയുണ്ട് എന്ന്.

ഞാന്‍ ചെന്നപ്പോള്‍ പുള്ളി നന്ദനം സിനിമ ടി.വിയില്‍ കണ്ടുകൊണ്ടിരിക്കാണ്. പുള്ളിക്ക് ഒന്നും മനസിലാകുന്നില്ല, എന്ന് എനിക്കറിയാം. കുമ്പിടിയെ ഓര്‍മയുണ്ടോ, എന്ന് ഞാന്‍ ചോദിച്ചു. അപ്പൊ ഉവ്വ് തലയാട്ടി. മനസില്‍ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മകളൊക്കെ അദ്ദേഹത്തിന് അറിയാം.

പക്ഷെ, ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് എന്നൊന്നും പുള്ളിക്ക് അറിയില്ല. സി.ബി.ഐ ആണ് സിനിമയാണ് എന്നൊക്കെ ലേശം എന്തെങ്കിലും അറിഞ്ഞാലേ ഉള്ളൂ. അല്ലാതെ ഡീറ്റെയില്‍ ആയി ഒന്നും അറിയില്ല.

സി.ബി.ഐ 5 അദ്ദേഹത്തെ ശരിക്കും ഹെല്‍പ് ചെയ്തു. ചെറിയ പേഴ്‌സന്റേജ് എങ്കിലും അദ്ദേഹത്തിന് ലൈഫിലേക്ക് വരാന്‍ കാരണമായി.

അദ്ദേഹത്തിന്റെ സീന്‍ എടുക്കല്‍ രാവിലേ തുടങ്ങി വൈകുന്നേരം വരെ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഉണ്ടായിരുന്നു അവിടെ. കുറച്ച് സമയമെടുത്തു അത് ചെയ്യാന്‍. അത് ധൃതി പിടിച്ച് ചെയ്യാന്‍ പറ്റില്ല. ആര്‍ടിസ്റ്റുമാരെല്ലാം സഹകരിച്ചു.

വൈകുന്നേരമായപ്പോള്‍ മമ്മൂട്ടിയടക്കം ഞങ്ങളെല്ലാവരും സാറ്റിസ്‌ഫൈഡ് ആയിരുന്നു. എനിക്ക് തോന്നുന്നു ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആളുകളിഷ്ടപ്പെട്ടത് ഈ സംഭവമാണ്.

ആ ഷോട്ടില്‍ അവസാനം കാണിക്കുന്ന മുഖമുണ്ടല്ലോ, അതെങ്ങനെ വന്നു എന്നറിയില്ല. നമ്മളാരും പറഞ്ഞിട്ടല്ല അത്. അവസാനത്തെ രണ്ട് ഷോട്ടില്‍ മുഖത്ത് അല്‍പം ദുഖത്തിന്റെ ചായ്‌വ് വരുന്നുണ്ട്. അതെങ്ങനെ വന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. കാരണം നമ്മളാരും അത് പറഞ്ഞിട്ടില്ല,” എസ്.എന്‍. സ്വാമി പറഞ്ഞു.

അതേസമയം, ഏറെ പ്രതീക്ഷകളോടെയാണ് സിനിമ തിയേറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സേതുരാമയ്യരായി മമ്മൂട്ടി അഞ്ചാം വട്ടവുമെത്തിയ ദ ബ്രെയിനില്‍ രണ്‍ജി പണിക്കര്‍, രമേഷ് പിഷാടരി, സായ്കുമാര്‍, ആശ ശരത്, മാളവിക മേനോന്‍, അന്‍സിബ, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Content Highlight: CBI script writer SN Swamy about his relation with Jagathy Sreekumar, and his roles in CBI and Nandanam, Kumbidi