Kerala News
ജസ്ന ജയിംസ് തിരോധാനക്കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 01, 05:48 am
Friday, 1st April 2022, 11:18 am

കൊച്ചി: ജസ്ന ജയിംസ് തിരോധാനക്കേസില്‍ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കേസ് എറ്റെടുത്ത് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രദേശികമായിട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്.

2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മറിയയെ (20) കാണാതാകുന്നത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്ന 2018 മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് ജസ്നയുടെ തിരോധാനത്തേക്കുറിച്ച് അന്വേഷിക്കുന്നത്. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് നേരത്തെ സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Content highlights: CBI issues lookout notice in Jasna James missing case