കൊച്ചി: ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ. ഒപ്പം കേസ് അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി കെ.ജെ ഡാര്‍വിന്‍ ആണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതേ സമയം ഇത് അപകടമരണമോ ആത്മഹത്യയോ ആണെന്ന് പറയാന്‍ മതിയായ തെളിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ മൗലവിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് ഈ വാദം തള്ളിക്കളയുന്നു. ഇത് നാലാം തവണയാണ് മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കുന്നത്.
മൗലവിയുടെ മൃതദേഹത്തിലോ താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിന്റെ ഒരു ലക്ഷണവുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍, വിദഗ്ദരുടെ നിരീക്ഷണങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ കൊലപാതകത്തിനോ ആത്മഹത്യക്കോ ഉള്ള തെളിവുകള്‍ ലഭിക്കുന്നില്ലെന്ന് സി.ബി.ഐ പറയുന്നു.
പുതുച്ചേരി ജിപ്മറിലെ മനശാസ്ത്ര വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോ. വികാസ് മേനോന്‍, ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ. കുസകുമാര്‍ സാഹ, സൈക്യാട്രി പ്രൊഫസര്‍ ഡോ. മൗഷമി പുര്‍കായസ്ത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.അറിവഴകന്‍, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍ കെ.രേഷ്മ എന്നിവരടങ്ങിയ സംഘം തയ്യാറാക്കിയ മനശാസ്ത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ നിഗമനം.