ന്യൂദല്‍ഹി: ഇന്ത്യന്‍ ജാതി വ്യവസ്ഥ പുനര്‍വര്‍ഗീകരിക്കണം, ബദല്‍ സംവരണം കൊണ്ടുവരുന്നത് വരെ നിലവിലുള്ള സംവരണം ഘട്ടം ഘട്ടമായി നിര്‍ത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ രണ്ട് പൊതു താല്‍പര്യ ഹരജികള്‍ തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.
ഇത്തരം ഹരജികള്‍ കോടതി നടപടികളെ ദുരുപയോഗം ചെയ്യുന്നതാണെന്ന് വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഒരു ലക്ഷം രൂപ പിഴയും ഈടാക്കിയിരുന്നു. എന്നാല്‍ പിന്നീടത് 25000 രൂപയാക്കി കുറക്കുകയായിരുന്നുവെന്ന് ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ ഈ പൊതുതാല്‍ര്യ ഹരജികള്‍ കോടതി നടപടികളെ ദുരുപയോഗം ചെയ്യുന്നതാണ്. ഞങ്ങള്‍ ഇത് തള്ളുകയും സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ 25000 രൂപ പിഴയടക്കാന്‍ ഉത്തരവിടുകയും ചെയ്യുന്നു,’ കോടതി പറഞ്ഞു. രണ്ട് ആഴ്ചക്കുള്ളില്‍ പിഴ അടച്ച രസീത് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 32 പ്രകാരം ജാതി വ്യവസ്ഥയുടെ പുനര്‍ നിര്‍മാണത്തിനുള്ള അധികാരം കേന്ദ്രത്തിനാണ് ഭരണഘടന നല്‍കിയിരിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.