Advertisement
Kerala News
മന്ത്രിക്കെതിരെ ജാതി വിവേചനം; മേൽശാന്തിയുടെ കോലത്തിൽ ചെരുപ്പുമാലയിട്ട് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 21, 06:53 am
Thursday, 21st September 2023, 12:23 pm

കോട്ടയം: ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനോട് ജാതിവിവേചനം കാണിച്ചുവെന്ന് ആരോപിച്ച് പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രത്തിലെ മേൽശാന്തിയുടെ കോലത്തിൽ ചെരുപ്പുമാല അണിയിച്ച് പ്രതിഷേധിച്ചു. കോട്ടയം തിരുനക്കരയിൽ ഭാരതീയ വേലൻ സൊസൈറ്റിയാണ് പ്രതിഷേധം നടത്തിയത്. ഭാരതീയ വേലൻ സൊസൈറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തപ്പോഴായിരുന്നു താൻ ജാതിവിവേചനം നേരിട്ട കാര്യം മന്ത്രി വെളിപ്പെടുത്തിയത്.

ദേവപൂജ കഴിയുന്നത് വരെ ശാന്തിശുദ്ധിയിൽ അല്ലാത്ത ആരെയും സ്പർശിക്കാറില്ലെന്നും അത് സ്വന്തം മകനാണെങ്കിലും അങ്ങനെയായിരിക്കുമെന്നും ക്ഷേത്രത്തിലെ മേൽശാന്തി സുബ്രഹ്‌മണ്യൻ നമ്പൂതിരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ശാന്തിശുദ്ധിയിൽ ഉള്ള പൂജാരി പുറത്തേക്ക് വരാൻ പാടുണ്ടോ എന്നായിരുന്നു മന്ത്രി ഇതിനോട് പ്രതികരിച്ചത്.

മന്ത്രിയുടേത് തെറ്റിദ്ധാരണ ആണെന്നും കേരളത്തിലെ ആചാരങ്ങളിൽ ജാതിവിവേചനം ഇല്ലെന്നും അഖില കേരള തന്ത്രി സമാജം വാർത്താകുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ആദ്യമായല്ല താൻ അമ്പലത്തിൽ പോകുന്നതെന്നും അയിത്തം അവകാശമാണെന്ന് പറഞ്ഞാൽ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തനിക്ക് നേരിടേണ്ടി വന്ന വിവേചനം മുമ്പും മന്ത്രി പൊതുവേദിയിൽ പങ്കുവച്ചിരുന്നു എന്ന കാര്യം പുറത്തുവന്നു. ഫെബ്രുവരിയിൽ ആലപ്പുഴയിൽ ശ്രീഘണ്ടാകർണ ക്ഷേത്രത്തിന്റെ ദേവസ്വം ബോർഡ് ഓഫീസ് ഉദ്‌ഘാടനത്തിൽ പങ്കെടുത്തപ്പോഴാണ് താൻ വിവേചനം നേരിട്ട കാര്യം മന്ത്രി ആദ്യമായി പറഞ്ഞത്‌. ഫെബ്രുവരി 5ന് പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിൽ ഈ കാര്യം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

Content Highlight: Caste Discrimination Against Minister; Burned the dummy body of temple priest